അമിത് ഷാക്ക് വേണ്ടി നയം തിരുത്തി ബി.ജെ.പി; ആഭ്യന്തരമന്ത്രി അധ്യക്ഷ സ്ഥാനത്ത് തുടരും

ന്യൂഡല്‍ഹി: ഒരാള്‍ക്ക് ഒരുപദവി എന്ന കീഴ്‌വഴക്കം അമിത് ഷാക്ക് വേണ്ടി തിരുത്തി ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ തല്‍ക്കാലം പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം. അടുത്ത് നടക്കാനാരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അമിത് ഷാ തന്നെയാകും ബി.ജെ.പിയെ നയിക്കുക. ഡിസംബറില്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് സൂചന. സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്. ജെ.പി നഡ്ഡ വര്‍ക്കിങ് പ്രസിഡന്റാകാനാണ് സാധ്യത. 2014ല്‍ രാജ്‌നാഥ് സിങ് ആഭ്യന്തരമന്ത്രിയായതോടെയാണ് അമിത് ഷാ അധ്യക്ഷനായത്. അമിത് ഷായുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് യോഗത്തില്‍ അമിത് ഷാ പറഞ്ഞു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണം. 2014 ല്‍ 282 സീറ്റുകള്‍ ബി.ജെപി തനിച്ച് നേടി. ഇത്തവണ അത് 303 സീറ്റ് ആയി ഉയര്‍ത്തി. എന്നാല്‍ ഇനിയും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിയണം. നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആധാരമെന്ന് അമിത് ഷാ അവകാശപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ ക്യാമ്പയിന്‍ തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ അധ്യക്ഷനായി അഞ്ചംഗസമിതി രൂപീകരിച്ചു. മധ്യപ്രദേശില്‍ 15 വര്‍ഷം തുടര്‍ച്ചയായ ഭരണത്തിന് ശേഷം അധികാരം നഷ്ടമായ ചൗഹാന്‍, ദേശീയ നേതൃത്വത്തില്‍ കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതിയ സ്ഥാനലബ്ധി. കേരളത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ സമിതിയില്‍ അംഗമാണ്. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അംഗത്വ ക്യാമ്പയിന് ജൂലൈ ആറിന് തുടക്കം കുറിക്കും. അതേസമയം കേരളവും തമിഴ്‌നാടും അടക്കം ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍മാരെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.