അമിത് ഷായെ കൊലപാതകി എന്നു വിളിച്ച കേസ്; രാഹുല്‍ ഹാജരാവേണ്ടതില്ലെന്ന് ഹൈക്കോടതി

റാഞ്ചി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലാണ് അമിത് ഷാക്കെതിരെ രാഹുല്‍ ശക്തമായ വാക്കുകളില്‍ വിമര്‍ശനമുന്നയിച്ചത്. അമിത് ഷാ കൊലപാതക കേസിലെ പ്രതിയാണെന്ന കാര്യം മറക്കരുതെന്നും കൊലപാതകി ആയ ഒരാള്‍ക്ക് പ്രസിഡണ്ട് ആകാവുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘അമിത് ഷാക്കെതിരെ കൊലപാതക ആരോപണമുണ്ട്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീം കോടതി തന്നെ അദ്ദേഹത്തിന്റെ പേര് സൂചിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയിലേതു പോലെ, കൊലപാതകിക്ക് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനാവാന്‍ കഴിയില്ല.’ രാഹുല്‍ പറഞ്ഞു. പിന്നീട് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും രാഹുല്‍ അമിത് ഷാക്കെതിരെ സമാനമായ രീതിയില്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ യുവമോര്‍ച്ച നേതാവ് നവീന്‍ കുമാര്‍ ഝാ നല്‍കിയ പരാതിയില്‍ റാഞ്ചി സബ് ഡിവിഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ട് ഹാജരാകണമെന്ന് രാഹുലിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കിക്കൊണ്ടുള്ളതാണ് ഹൈക്കോടതി വിധി. അഡ്വ. രാജീവ് രഞ്ജനാണ് രാഹുല്‍ ഗാന്ധിക്കു വേണ്ടി ഹാജരായത്.