ബാബരി മസ്ജിദ് തകര്‍ത്ത കേസ്; നാളെ അദ്വാനിയുടെ മൊഴിയെടുക്കും- തിരക്കിട്ട കൂടിക്കാഴ്ചയുമായി അമിത് ഷാ

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മൊഴി നല്‍കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍.കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. ഇരുവരും മുപ്പത് മിനിറ്റോളം കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ അഭിഭാഷകരും ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും ഷാക്കൊപ്പമുണ്ടായിരുന്നു. നാളെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്വാനിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

പ്രതിസ്ഥാനത്തുള്ള മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. മറ്റൊരു പ്രതി ഉമാഭാരതിയുടെ മൊഴിയുമെടുത്തിട്ടുണ്ട്. 1992 ഡിസംബര്‍ ആറിന് രാജ്യത്തെ പിടിച്ചു കുലുക്കിയ സംഭവത്തില്‍ ഓഗസ്റ്റ് 31ന് അകം വിധി പറയണം എന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബാബരി തകര്‍ത്തതില്‍ ക്രിമിനല്‍ ഗൂഢാലോചനയാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസില്‍ ഒമ്പത് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്. ഈ വര്‍ഷം ഏപ്രില്‍ വരെ ആയിരുന്നു കാലാവധി. മെയ് എട്ടിന് ഇത് ഓഗസ്റ്റ് 31ലേക്ക് നീട്ടുകയായിരുന്നു. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്ക് പുറമേ, വിനയ് കത്യാര്‍, സാധ്വി റിതംബര, വിഷ്ണു ഹരി ഡാല്‍മിയ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.

കഴിഞ്ഞ നവംബറിലെ വിധിയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതേ ബഞ്ച് തന്നെ പള്ളി തകര്‍ത്തത് സുപ്രിംകോടതി വിധികളുടെ ലംഘനമാണ് എന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ബാബരിയുടെ ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. എല്‍കെ അദ്വാനി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.