അമിത് ഷാ ഭാരം 20 കിലോ കുറച്ചതായി രാംദേവ്; യോഗയെ ഒളിംപിക്‌സില്‍ മത്സരിപ്പിക്കാന്‍ ആവശ്യം

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗാ പരിശീലനത്തിലൂടെ തന്റെ 20 കിലോ ഭാരം കുറച്ചതായി യോഗ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച അഹ്മദാബാദില്‍ സംഘടിപ്പിച്ച യോഗ ക്യാംപിലാണ് രാംദേവ് രഹസ്യം വെളിപ്പെടുത്തയത്.

യോഗയുടെ മഹത്വം പറഞ്ഞ ചടങ്ങില്‍ ഇതൊരു കായിക ഇനമാണന്നും, യോഗ ഒളിംപിക്‌സില്‍ മത്സരിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

‘യോഗ കായിക ഇനമല്ലെന്ന് പലരും പറയുന്നത്. ഇത്തരക്കാരുടെ വാദങ്ങള്‍ മുഖവിലക്കെടുക്കരുത്. യോഗ ഒരു കായിക ഇനം തന്നെയാണ്. കായിക ഇനമായ യോഗയെ കായിക വകുപ്പിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായമെന്നും രാംദേവ് പറഞ്ഞു. യോഗയെ ഒളിംപിക്‌സില്‍ മത്സരിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത രാം നാഥ് കോവിന്ദിനെ അഭിനന്ദിക്കാനും പ്രസംഗത്തില്‍ രാംദേവ് മറന്നില്ല.