മകനെതിരെ അഴിമതി ആരോപണം: മൗനം വെടിഞ്ഞ് അമിത് ഷാ

അഹമ്മദാബാദ്: മകന്‍ ജയ് ഷാക്കെതിരെ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണത്തില്‍ മൗനം വെടിഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളില്‍ അനധികൃതമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. ജയ് ഷായുടെ കമ്പനിയുടെ വരുമാനത്തില്‍ അവിശ്വസനീയ വര്‍ധനവുണ്ടായെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു മകനെ പിന്തുണച്ച് അമിത് ഷാ പറഞ്ഞത്. ജയ് ഷായുടെ ബിസിനസ് ഇടപാടില്‍ അഴിമതിയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷന്റെ നിലപാട്. ജെയിയുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനി അഴിമതി നടത്തിയിട്ടില്ല. വിറ്റു വരവ് 80 കോടി ആയിരുന്നപ്പോഴും കമ്പനി ഒന്നര കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. സര്‍ക്കാറിന്റെ സൗജന്യങ്ങളോ ഭൂമിയോ ജയ് ഷാ സ്വീകരിച്ചിട്ടില്ല. സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മകനെ പ്രതിരോധിച്ച് അമിത് ഷാ രംഗത്തെത്തിയത്. തന്റെ മകന്റെ കൈകള്‍ ശുദ്ധമാണ്. അതിനാലാണ് വാര്‍ത്ത പുറത്തുവിട്ട ദ വെയര്‍ എന്ന സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
ചില ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ജയ്ഷായുടെ കമ്പനി ഈടില്ലാത്ത വായ്പ കരസ്ഥമാക്കിയെന്ന ആരോപണവും അമിത് ഷാ നിഷേധിച്ചു.

SHARE