ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ ആശുപത്രിയില്‍; കോവിഡ് ലക്ഷണത്തിന് മുമ്പ് അമിത് ഷായെയും കെജ്‌രിവാളിനെയും കണ്ടു

ന്യൂഡല്‍ഹി: കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. ട്വിറ്ററില്‍ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജയിനിന്‍റെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ അടങ്ങുന്ന ഉന്നതതല യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഡല്‍ഹി ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സന്നിഹിതരായിരുന്നു. കെജ്‌രിവാളും ജെയിനും ഒരേ കാറിലാണ് യോഗത്തിനെത്തിയത്.

കഴിഞ്ഞയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് തൊണ്ടവേദനയും പനിയുമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. ആരോഗ്യമന്ത്രിയുടെ ഫലം പോസിറ്റീവ് ആയാല്‍ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ടി വരും.