‘റോബിന്‍ഹുഡ് സ്വയം വെളിപ്പെടാന്‍ ആഗ്രഹിക്കുന്നില്ല’; ഗോതമ്പ് പ്രചാരണത്തില്‍ വിശദീകരണവുമായി ആമിര്‍ ഖാന്‍

സോഷ്യല്‍മീഡിയയില്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ഏറെ പ്രചരിച്ച വാര്‍ത്തയാണ് ആമിര്‍ഖാന്‍ ആട്ടയില്‍ 15,000 രൂപ നിര്‍ധനരായവര്‍ക്ക് നല്‍കിയെന്ന വാര്‍ത്ത. ഇത് വ്യാജമാണെന്നും അല്ലെന്നുമുള്ള പ്രചാരണത്തിനിടെ ആമിര്‍ഖാന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. താനങ്ങനെ ചെയ്തിട്ടില്ലെന്ന് ആമിര്‍ഖാന്‍ പറഞ്ഞു.

‘ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് ആമീര്‍ ഖാന്‍ ഒരു കിലോ വീതം ആട്ട നല്‍കി. ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാന്‍ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങള്‍ മാത്രം. വീട്ടിലെത്തി കവര്‍ തുറന്നപ്പോള്‍ അതില്‍ 15,000 രൂപ..’. എന്നായിരുന്നു പ്രചാരണം. സംഭവം അധികം വലിയ സന്ദേശം അല്ലെങ്കിലും ഈ പറഞ്ഞ സംഭവം സോഷ്യല്‍മീഡിയ അങ്ങ് ഏറ്റെടുത്തു. വ്യാപകമായി പ്രചരിക്കാനും ആരംഭിച്ചു. ആമീര്‍ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒട്ടനവധിപേര്‍ രംഗത്തെത്തി. ആദ്യം സത്യമെന്ന് വിശ്വിച്ച് മിണ്ടാതിരുന്നവര്‍ പിന്നീട് ആമിര്‍ ഖാനോട് തന്നെ നിജസ്ഥിതി ആരാഞ്ഞു. പിന്നാലെ ഇത് സത്യമല്ലെന്നുള്ള വാദങ്ങളും ഉയര്‍ന്നു.

‘സുഹൃത്തുക്കളെ, ഗോതമ്പ് ചാക്കില്‍ പൈസ വച്ച വ്യക്തി ഞാനല്ല. ഒന്നുകില്‍ അത് പൂര്‍ണ്ണഇമായും വ്യാജ വാര്‍ത്തയായിരിക്കും, അല്ലെങ്കില്‍ റോബിന്‍ ഹുഡ് സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ.’..ആമിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാന്‍ എന്ന യുവാവാണ് ടിക് ടോകില്‍ ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് തുടക്കമിട്ടത്. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവച്ചു. തുടര്‍ന്ന് അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.

SHARE