സര്‍ജിക്കല്‍ സട്രൈക്ക്: വൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ വെട്ടികുറച്ച് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ മിന്നലാക്രമണത്തില്‍ വൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറിച്ച് മോദി സര്‍ക്കാര്‍. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന അതേദിവസം തന്നെയാണ് സൈനികരുടെ പെന്‍ഷന്‍ വെട്ടികുറച്ച് പ്രതിരോധമന്ത്രാലയം ഉത്തരവിറക്കിയത്. വൈകല്യം നേരിട്ട സാധാരണ സൈനികര്‍ക്ക് പെന്‍ഷനായി 45200 രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 27200 രൂപയാക്കിയെന്നാണ് സൈനികര്‍ പറയുന്നത്.
ശമ്പളത്തിന്റെ 40-50 ശതമാനം വരെ മാത്രമേ ഇനി വൈകല്യം ലഭിച്ച സൈനികര്‍ക്ക് പെന്‍ഷനായി ലഭിക്കുകയുള്ളൂ. അതായത് സൈന്യത്തില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവരും പൂര്‍ണവൈകല്യം നേരിട്ടവരുമായ മേജര്‍മാരുടെ പെന്‍ഷനില്‍ നിന്ന് 70000 രൂപ കുറച്ചു. കരസേനയുടെ പ്രധാന ചുമതല വഹിച്ചിരുന്ന ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെ പെന്‍ഷനില്‍ നിന്ന് 40000 രൂപയും കുറച്ചിട്ടുണ്ട്.
വൈകല്യത്തിന്റെ തോത് അനുസരിച്ചായിരിക്കും ഇനി പെന്‍ഷന്‍ നിശ്ചയിക്കുക. 2016 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഉത്തരവ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിജയത്തില്‍ പങ്കുചേരുന്നതിനു പകരം വൈകല്യം ബാധിച്ച ഞങ്ങളുടെ പെന്‍ഷന്‍ വെട്ടിക്കുറച്ച് മോദി സര്‍ക്കാര്‍ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

SHARE