ബെംഗളൂരു: കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധത്തില്‍ വിയര്‍ക്കുന്ന കര്‍ണാടകയിലെ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന് തലവേദനയായി വിമതനീക്കം. മുന്‍ മന്ത്രി ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള ഇരുപതോളം എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിയിലെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
ബെല്‍ഗാം ജില്ലയില്‍നിന്നുള്ള ശക്തനായ ലിംഗായത്ത് നേതാവു കൂടിയായ കാട്ടി വ്യാഴാഴ്ച രാത്രി 20 എംഎല്‍എമാര്‍ക്ക് അത്താഴ വിരുന്നൊരുക്കി പാര്‍ട്ടിക്കുള്ളില്‍ വിമതക്കൊടി ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിമത ഗ്രൂപ്പിലുള്ള മിക്ക എംഎല്‍എമാരും മുഖ്യമന്ത്രി യെദ്യൂരപ്പയുമായി അഭിപ്രായ വ്യത്യാസമുള്ളവരാണെന്നാണ് വിവരം.
കോവിഡ് പ്രതിരോധ നടപടികള്‍ക്കിടെ സംസ്ഥാനത്തെ ആരോഗ്യ മന്ത്രി സ്ഥാനത്തില്‍ മാറ്റം വരുത്തിയ യെദ്യൂരപ്പയുടെ നടപടിക്കെതിരെ നേരത്തെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അടങ്ങുംമുന്നേയാണ് പുതിയ തലവേദന കര്‍ണാടക ബിജെപിയെ തേടിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി ബി.എസ്.യെദ്യൂരപ്പയും ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവും തമ്മില്‍ നേരത്തെ പരസ്യ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും യെദ്യൂരപ്പ ശ്രീരാമുലുവില്‍ നിന്ന് എടുത്തുമാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകറിന് കൈമാറിയതോടെയാണ് തര്‍ക്കം മറനീക്കി പുറത്തുവന്നത്. രാജിക്കത്തുമായി ശ്രീരാമുലു യെദ്യൂരപ്പയുടെ വീട്ടിലേക്കെത്തി മുഖ്യന്ത്രിയോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിലവില്‍ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവു്ന്നതും യെദ്യൂരപ്പക്ക് തിരിച്ചടിയായ സാഹചര്യമാണ്. കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിനിടയില്‍ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.
മറ്റൊരു മുതിര്‍ന്ന ലിംഗായത്ത് എംഎല്‍എയും മുന്‍ കേന്ദ്ര മന്ത്രിയുമായ ബി.ആര് പാട്ടീല്‍ സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനങ്ങളുമായി യെദ്യൂരപ്പയോട് കൊമ്പുകോര്‍ത്തിരുന്നു. പാട്ടീലിന്റെ നീക്കങ്ങള്‍ കര്‍ണാടക ബിജെപിയുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.
ഇതിനിടെയാണ് 20 അംഗ വിമത എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്. വിവരം പുറത്തായതോടെ അന്ധാളിപ്പിലായ യെദ്യൂരപ്പ ഉമേഷ് കാട്ടിയുമായി കൂടികാഴ്ച നടത്തുകയും വിദശീകരണം തേടുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
യെദ്യൂരപ്പ പ്രവര്‍ത്തനരീതി മാറ്റണമെന്നും എട്ടു തവണ എംഎല്‍എ ആയിട്ടുള്ള ഉമേഷ് കാട്ടിക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കണമെന്നുമാണ് വിമത ഗ്രൂപ്പ് ഉന്നയിക്കുന്ന ആവശ്യം. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ കൂടുതല്‍ അഭിപ്രായം തേടണമെന്നും ഉമേഷ് കാട്ടിയുടെ ഗ്രൂപ്പിലെ രമേശ് കാട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കണമെന്ന ആവശ്യവും വിമതര്‍ ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.