ബി.ജെ.പി സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപി സ്ഥാപിതമായത്തിന്റെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബിജെപിക്കാര്‍ക്ക് ആഹ്വാനവുമായാണ് തിങ്കളാഴ്ച മോദി രംഗത്തെത്തിയത്.

”പതിറ്റാണ്ടുകളായി പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഠിനമായി അധ്വാനിച്ച എല്ലാവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ കോവിഡ് -19 നെ നേരിടുന്ന സമയത്താണ് പാര്‍ട്ടിയുടെ നാല്‍പതാം വാര്‍ഷികം വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോദി, ”നമ്മുടെ പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദ-ജിയില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആവശ്യമുള്ളവരെ സഹായിക്കാനും ബിജെപി പ്രവര്‍ത്തകരോടായി മോദി ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ ജനങ്ങളോടായി രാത്രി 9 മണിക്ക് 9 മിനുറ്റ് വിളക്കണക്കാന്‍ ആഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ബിജെപിയുടെ സ്ഥാപക ദിനം ജനങ്ങളെകൊണ്ട് ആഘോഷിക്കാനുള്ള തന്ത്രമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ജെഡിഎസ് നേതാവ് കുമാരസ്വാമി രംഗത്തെത്തിയിരുന്നത്. ദീപം തെളിയിക്കുന്നതിലൂടെ ബിജെപിക്ക് അവരുടെ സ്ഥാപക ദിനം പരോക്ഷമായി ആഘോഷിക്കുന്നതിനുള്ള പദ്ധതിയാണെന്ന് കുമാരസ്വാമി പറഞ്ഞു.

ഏപ്രില്‍ ആറിന് സ്ഥാപകദിനം ആഘോഷിക്കാന്‍ ബിജെപി ധൈര്യപ്പെടില്ല. ഇതേ തുടര്‍ന്ന് എല്ലാ ഇന്ത്യക്കാരേക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി പാര്‍ട്ടി പിറവിയുടെ തലേന്ന് ദീപം തെളിയിപ്പിക്കുകയാണെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
‘ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം. ഇക്കാര്യത്തില്‍ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നു’ കുമാരസ്വാമി ട്വീറ്റില്‍ കുറിച്ചു.

SHARE