അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താ വ്യത്യാസം? യു.എ.പി.എ വിഷയത്തില്‍ ചെന്നിത്തല

കോഴിക്കോട്: യു.എ.പി.എ കേസില്‍ ജയിലില്‍ കഴിയുന്ന അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും, താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടം പാലിച്ചല്ല. യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്ത സാഹചര്യം വിശദീകരിക്കണമെന്നും പന്തീരാങ്കാവ് യു.എ.പി.എ കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

ഇതൊരു രാഷ്ട്രീയ വിഷയമായല്ല യുഡിഎഫ് കാണുന്നതെന്നും മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും താഹയുടെ വീട് സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു. അലനും താഹക്കുമെതിരെ തെളിവുണ്ടങ്കില്‍ മുഖ്യമന്ത്രി പുറത്ത് വിടട്ടെ. രാഷ്ട്രിയ മുതലെടുപ്പല്ല യു.ഡി.എഫിന്റെ ലക്ഷ്യം, മനുഷ്യാവകാശ പ്രശ്‌നമായതിനാലാണ് യു.ഡി.എഫ് ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

‘താന്‍ ഒരു ആഭ്യന്തരമന്ത്രിയായിരുന്നു. യുഎപിഎ കേസിനെ കുറിച്ച് വ്യക്തമായി അറിയാം. പന്തീരാങ്കാവ് കേസില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് പിണറായി വിജയന്‍ പറയണം. ഇതിനെ മനുഷ്യാവകാശ ലംഘനമായി മാത്രമാണ് യുഡിഎഫ് കാണുന്നത്. യുഎപിഎ വിഷയത്തില്‍ ഇതാണ് നിലപാടെങ്കില്‍ അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ട് സര്‍ക്കാരുകളും തമ്മില്‍ എന്താണ് വ്യത്യാസം? അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയ വിഷയം നിയമസഭയില്‍ വീണ്ടും ഉന്നയിക്കും’ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ മുന്നണി തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് ഉപപ്രതിപക്ഷ നേതാവ് എം.കെ.മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് എം.കെ.മുനീര്‍ ഇക്കാര്യം പറഞ്ഞത്.

കേസില്‍ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിക്ഷ ഉപനേതാവ് എം.കെ മുനീർ നേരത്തെ പറഞ്ഞിരുന്നു. അലന്റെയും താഹയുടെയും വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. ഇരുവരുടെയും ബന്ധുക്കളെ കണ്ട് യു.ഡി.എഫിന്റെ പിന്തുണ മുനീര്‍ അറിയിച്ചു.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയും പി.ജയരാജനും. ആശയം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് ആര്‍ക്കെതിരെയും കേസ്സെടുക്കാന്‍ കഴിയില്ല. എന്താണ് യു.എ.പി.എ ചുമത്താൻ കാരണമെന്ന് മുഖ്യമന്തി വ്യക്തമാക്കണം. കേസിന് പിന്നില്‍ എന്തോ ഒളിഞ്ഞിരുപ്പുണ്ടെന്നും ആ സാഹചര്യത്തിലാണ് യു.ഡി.എഫ് ഇടപ്പെടുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.