കറുത്തവര്‍ഗക്കാരനെ കാല്‍മുട്ടിനടിയില്‍ ഞെരിച്ച് കൊന്ന് പൊലീസുകാരന്‍

അമേരിക്കയില്‍ കൈവിലങ്ങിട്ടു നിലത്തുകിടത്തിയ കറുത്തവര്‍ഗക്കാരനെ പൊലീസുകാരന്‍ തന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞു കൊന്നു. മിനിയാപൊളിസിലായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ പുറത്താക്കിയിട്ടുണ്ട്.

ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ നാലു പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു ഷര്‍ട്ട് ഊരി നിലത്തു കമഴ്ത്തി കിടത്തിയ ശേഷം ഒരു പൊലീസുകാരന്‍ കാല്‍മുട്ടു കൊണ്ട് കഴുത്തില്‍ അമര്‍ത്തി. ‘നിങ്ങളുടെ കാല്‍മുട്ട് എന്റെ കഴുത്തിലാണ്. ശ്വസിക്കാന്‍ കഴിയുന്നില്ല, മമ്മാ… മമ്മാ’ എന്ന് ജോര്‍ജ് കരയുന്നതു വിഡിയോയില്‍ കേള്‍ക്കാം.

തെരുവിലൂടെ നടന്നു പോയവരാണ് ക്രൂരദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. അനങ്ങാന്‍ കഴിയാതെയാണ് ജോര്‍ജ് നിലത്തു കിടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എണീറ്റു കാറില്‍ കയറാന്‍ പൊലീസുകാര്‍ അയാളോടു പറയുന്നുണ്ടായിരുന്നു. ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി അറിയിക്കുകയായിരുന്നു.

സംഭവം വന്‍പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജോര്‍ജിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം എഫ്ബിഐക്കു കൈമാറിയെന്ന് മിനിയാപൊളിസ് പൊലീസ് മേധാവ് മെഡാറിയ അരാഡോണ്‍ഡോ പറഞ്ഞു. പൊലീസുകാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.

SHARE