അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു


അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തി പൊലീസുകാരന്‍. ലൂയിവില്‍ മെട്രോ പൊലീസ് ആണ് റെസ്റ്റോറന്റ് ഉടമയായ ഡേവിഡ് മക്കറ്റീ എന്ന 53കാരനെയാണ് കൊലപ്പെടുത്തിയത്. ഡേവിഡ് ആണ് ആദ്യം വെടിയുതിര്‍ത്തതെന്നും തിരികെ വെടി വെക്കുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ലൂയിവില്‍ മെട്രോ പൊലീസ് മേധാവി സ്റ്റീവ് കോണ്‍റാഡിനെ ജോലിയില്‍ നിന്ന് പുറത്താക്കി.

പൊലീസുകാര്‍ക്ക് അവരവരുടെ ഷിഫ്റ്റുകളില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമായിരുന്നയാളായിരുന്നു ഡേവിഡ്. മെയ് 31ന് ജോര്‍ ഫ്‌ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നവര്‍ പൊലീസുകാരെ വെടിവെച്ചെന്നും തിരികെ വെടിവെക്കുമ്പോള്‍ ഡേവിഡിനു വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എന്നും കെന്റുകി നാഷണല്‍ ഗാര്‍ഡ് ട്രൂപ്പ്‌സ് പറയുന്നു. എന്നാല്‍, സംഭവത്തിലെ ബോഡിക്യാം ദൃശ്യങ്ങള്‍ ഇതുവരെ ലൂയിസ്വില്‍ മെട്രോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റീവ് കോണ്‍റാഡിനെ ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

സ്റ്റേറ്റ് പൊലീസുമായി ബന്ധപ്പെട്ട് ഫെഡറല്‍ സംവിധാനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തുമെന്ന് അധികാരികള്‍ പറയുന്നു. ബോഡി ക്യാം ഫുട്ടേജ് ഇല്ലാത്തത് വ്യവസ്ഥിതിയുടെ പരാജയമാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ് ബോഡി ക്യാം നിര്‍ബന്ധമാക്കിയതെന്നും എല്ലാ ഓഫീസര്‍മാരുടെയും ക്യാമറ പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോള്‍ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിന്‍, ജെ അലക്‌സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. ഷോവിന്റെ മേലുള്ള കുറ്റം സെക്കന്‍ഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയര്‍ത്തി. 40 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

SHARE