ഇത് അമേരിക്ക സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങളോ?; യാഥാര്‍ത്ഥ്യം ഇങ്ങനെ…

അമേരിക്ക ഖാസിം സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങളെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിക്കുന്നു. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം ഒരു വീഡിയോ ഗെയിം ആണെന്നുള്ളതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്‌ഗേജ്‌മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണ്. ഇതാണ് സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ എന്ന സന്ദേശത്തോടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് അമേരിക്ക ഇറാനിലെ സൈനിക മേധാവിയായ ഖാസി സുലൈമാനിയെ വധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ വഴി മിക്കവര്‍ക്കും ഈ വിഡിയോ ലഭിച്ചിട്ടുണ്ട്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സത്യമെന്ന് വിചാരിച്ചു പലരും ആകാംക്ഷയോടെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് കേട്ട കാര്യങ്ങള്‍ വച്ച് കാണുകയാണെങ്കില്‍ വിഡിയോ സത്യമാണെന്ന് തന്നെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക.

എന്നാല്‍ ഇത് എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്‌ഗേജ്‌മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണ്. റിവേഴ്‌സ് ഇമേജ് സങ്കേതമുപയോഗിച്ചുള്ള പരിശോധനയില്‍ ഈ ക്ലിപ് ഒരു വിഡിയോ ഗെയിമില്‍ നിന്ന് എടുത്തതാണെന്നത് വ്യക്തമാകും. മൂന്നു റോക്കറ്റുകള്‍ മാത്രമുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഡിയോയില്‍ നിരവധി റോക്കറ്റുകള്‍ വാഹനങ്ങളില്‍ പതിക്കുന്നത് വ്യക്തമായി തന്നെ കാണാം.

അതേസമയം, അമേരിക്കയോട് പ്രതികാര നടപടിയുമായി ഇറാന്‍ രംഗത്തെത്തി. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായി. ഇറാന്‍ സൈനിക തലവന്‍ സുലൈമാനിയെ വധിച്ചതിന്റെ തിരിച്ചടിയായാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇറാന്‍ ഒരു ഡസനിലധികം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനമാണ് ഇറാന്‍ ലക്ഷ്യം വെച്ചത്. സ്ഥിതിഗതികളും, ഇറാന്‍ ആക്രമണം തീര്‍ത്ത നാശനഷ്ടങ്ങളുടെ വ്യാപ്തിയും നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

ഇറാന്റെ സൈനിക വിഭാഗങ്ങളിലൊന്നായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പത്തോളം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഇവര്‍ അവകാശപ്പെടുന്നു. ഇറാനിലെ ജനകീയനായ സൈനിക മേധാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസിം സുലൈമാനിയെ ഇറാഖിലെ ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക വധിക്കുകയായിരുന്നു.

സുലൈമാനിയുടെ മരണത്തിന് പിന്നാലെ അമേരിക്ക, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇസ്രായേല്‍, എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ യുദ്ധഭീഷണി മുഴക്കി. 2500 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമിക്കാന്‍ തക്ക പ്രാപ്തമായ മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു.

SHARE