അറബിക്കടലില്‍ അമേരിക്ക-റഷ്യ യുദ്ധക്കപ്പലുകള്‍ നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായി

അറബി കടലില്‍ വ്യാഴാഴ്ച യുഎസ്, റഷ്യ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ നേര്‍ക്കുനേര്‍ വന്നു. യുഎസ് കപ്പലിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റഷ്യന്‍ കപ്പല്‍ അടുത്തേക്ക് വന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, അവസാന നിമിഷം വഴിതിരിച്ചുവിട്ടതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.

സംഭവത്തിന്റെ വിഡിയോ സിഎന്‍എന്‍ പുറത്തുവിട്ടു. അമേരിക്ക– റഷ്യ കപ്പലുകള്‍ 180 അടി അടുത്തുവരെ വന്നുവെന്നാണ് റിപ്പോര്‍ട്ട്. യുഎസും റഷ്യന്‍ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം കാണിക്കുന്നത്.

ജനുവരി 9 വ്യാഴാഴ്ച, വടക്കന്‍ അറേബ്യന്‍ കടലില്‍ പതിവ് നിരീക്ഷണം നടത്തുന്നതിനിടയില്‍ യുഎസ്എസ് ഫറാഗൂട്ടിനെ റഷ്യന്‍ നാവികസേനയുടെ കപ്പല്‍ ആക്രമണാത്മകമായി സമീപിച്ചു എന്നാണ് മിഡില്‍ ഈസ്റ്റിലെ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യുഎസ് നാവികസേനയുടെ വക്താവ് പറഞ്ഞത്.

ഫറാഗട്ട് യുദ്ധക്കപ്പല്‍ അഞ്ച് ഹ്രസ്വ മുന്നറിയിപ്പ് ശബ്ദങ്ങള്‍ മുഴക്കിയിരുന്നു. കൂട്ടിയിടി ഒഴിവാക്കാനായിരുന്നു ഇത്. രാജ്യാന്തര സമുദ്ര സിഗ്‌നലാണ് ഇത്. രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി റഷ്യന്‍ കപ്പലിന്റെ വഴി മാറ്റാന്‍ അഭ്യര്‍ഥിച്ചു. റഷ്യന്‍ കപ്പല്‍ തുടക്കത്തില്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ ഗതിയില്‍ മാറ്റം വരുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.

യുഎസ് ഡിസ്‌ട്രോയറുമായി ബ്രിഡ്ജ്ടുബ്രിഡ്ജ് റേഡിയോ ആശയവിനിമയം സ്ഥാപിച്ചതിനുശേഷം റഷ്യന്‍ കപ്പല്‍ ഒടുവില്‍ പിന്തിരിയുകയായിരുന്നു. യുഎസ്എസ് ഹാരി എസ്. ട്രൂമാന്‍ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഫറാഗട്ട് എന്നും ശത്രു കപ്പലുകളെ വിമാനവാഹിനിക്കപ്പലിലേക്ക് അടുക്കുന്നത് തടയാന്‍ ഫറാഗൂട്ടിനെ ചുമതലപ്പെടുത്തിയതാണെന്നും യുഎസ് നേവി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, യുഎസ്എസ് ഫറാഗട്ട് അപകടകരമായ നീക്കങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

യുഎസ്– റഷ്യ യുദ്ധക്കപ്പലുകള്‍ അടുത്തെത്തിയ സംഭവം ഏകദേശം ഏഴുമാസങ്ങള്‍ക്ക് മുന്‍പ് പസിഫിക്കിലും ഉണ്ടായിട്ടുണ്ട്.

അമേരിക്കയുടെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍ ചൈനീസ് കലടലിലും തൊട്ടടുത്ത് വന്നിരുന്നു.

SHARE