ലോകം കൊവിഡ് എന്ന മഹാമാരിയോടുള്ള യുദ്ധത്തിലാണ്. എന്നാല്‍ ഇതിനിടയിലും ആനന്ദം കണ്ടെത്തുകയാണ് ചിലരുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുളള അമേരിക്കയിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചിരുന്ന ഭക്ഷണ സാമഗ്രികള്‍ക്കു മേല്‍ ഒരു സ്ത്രീ മനപ്പൂര്‍വ്വം ചുമച്ചതിനെത്തുടര്ന്ന് 25 ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങളാണ് കടയുടമയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഈ വിവരം ലോകത്തെ അറിയിച്ചത്.
അമേരിക്കയിലെ പെന്‍സില്‍വാനിയ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ജനം ആശങ്കയിലും യാതനകളിലും കഴിയുമ്പോള്‍ ഇത്തരത്തിലൊരു കാര്യം സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടായത്. താന്‍ ചുമ്മാ തമാശ കളിച്ചതാണെന്നാണ് സ്ത്രീയുടെ ന്യായീകരണം. എന്നാല്‍ സ്ത്രീക്ക് കോവിഡ് ബാധയില്ല എന്ന സ്ഥിരീകരണമില്ലാത്തതിനാല്‍ ജനങ്ങളുടെ ആരോഗ്യം വെച്ച് തങ്ങള്‍ക്ക് കളിക്കാനാവില്ല. അതിനാല്‍ സ്ത്രീ സമ്പര്‍ക്കം പുലര്‍ത്തിയ കടയ്ക്കുള്ളിലെ സാധനങ്ങളെല്ലാം ഉപേക്ഷിക്കുകയാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.
സ്ത്രീക്കു നേരെ വിവിധ വകുപ്പുകളിലുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.