തിരിച്ചടി പേടിച്ച് അമേരിക്ക; പൗരന്മാരോട് കഴിയുംവേഗത്തില്‍ ഇറാഖ് വിടാന്‍ യു.എസ്

ബഗ്ദാദ്/വാഷിങ്ടന്‍: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവള റോഡില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാഖിലുള്ള പൗരന്മാരോടു രാജ്യം വിടാന്‍ യുഎസ് നിര്‍ദേശം. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡറിനെ വധിച്ച യുഎസ് നടപടി നിഷ്ഠൂരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ഇറാന്‍ പ്രതികാരം ചെയ്യുമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.

‘ഇറാഖിലെയും മേഖലയിലെയും രൂക്ഷമായ സംഘര്‍ഷങ്ങള്‍ കാരണം, 2020 ജനുവരിയിലെ യാത്രാ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഉടന്‍ ഇറാഖില്‍ നിന്ന് പുറപ്പെടണമെന്ന് യുഎസ് എംബസി അമേരിക്കന്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുന്നു. യുഎസ് പൗരന്മാര്‍ എത്രയും വേഗം വ്യോമമാര്‍ഗം പുറപ്പെടണം. അതു സാധിച്ചില്ലെങ്കില്‍ കരയിലൂടെ മറ്റു രാജ്യങ്ങളിലേക്ക് പോകണം.’ യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് റവല്യൂഷണറി ഗാര്‍ഡ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സ് മേധാവി ഖാസിം സുലൈമാനി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചത്. സുലൈമാനിക്കൊപ്പം ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദിയും അഞ്ച് ഇറാന്‍ കമാന്‍ഡോകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തില്‍ മൂന്നു മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ അറിയിച്ചു.

SHARE