അമേരിക്ക കൊറോണയെ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്


ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക വളരെ നന്നായി കൊറോണയെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ കൊറോണ പ്രതിരോധത്തില്‍ ഭീകരമായ പ്രശ്‌നം നേരിടുന്നുണ്ട്. ചൈനയിലും കൊറോണ കേസുകള്‍ കൂടുകയാണെന്ന് ട്രംപ് വിശദീകരിച്ചു.

അമേരിക്കയില്‍ ഇതിനകം 48 ലക്ഷത്തോളം ആളുകള്‍ക്ക് കൊറോണ ബാധിച്ചു. ഒന്നര ലക്ഷം ആളുകള്‍ മരിച്ചു. എന്നിട്ടും ട്രംപ് അവകാശപ്പെടുന്നത് അമേരിക്കയുടെ കൊറോണ പ്രതിരോധം വളരെ മികച്ചതാണെന്നാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലിന് പിന്നിലായി മൂന്നാമതാണ് ഇന്ത്യ. രോഗികളുടെ എണ്ണം 19 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 38938 പേരാണ് ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചത്.
അമേരിക്കയില്‍ 6 കോടി ജനങ്ങള്‍ക്ക് കൊറോണ പരിശോധന നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. കോവിഡ് പരിശോധനയില്‍ ഒരു രാജ്യവും ഇതിനടുത്ത് പോലുമില്ല. 20 മിനിറ്റിനുള്ളില്‍ ഇപ്പോള്‍ പരിശോധനാഫലം കിട്ടുന്നുണ്ട്. വേറെ എവിടെയും ഇങ്ങനെയൊന്നുമില്ല. അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറയുകയാണ്. നിയന്ത്രണവിധേയമാണ് കാര്യങ്ങള്‍. എങ്കിലും ജാഗ്രത കൈവിടരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും കൈകള്‍ ഇടക്കിടെ കഴുകണമെന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും ട്രംപ് അമേരിക്കക്കാരോട് അഭ്യര്‍ഥിച്ചു.

SHARE