ജൂണ്‍ ആകുമ്പോഴേയ്ക്കും അമേരിക്കയില്‍ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടക്കുമെന്ന് വിദഗ്ധര്‍

ജൂണ്‍ ആകുമ്പോഴേയ്ക്കും അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷം കടക്കുമെന്ന് യു.എസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു. മേയ് 11 ലെ കണക്കനുസരിച്ച്, വരും ആഴ്ചകളില്‍ മരണനിരക്ക് വര്‍ധിക്കുമെന്നും ജൂണ്‍ ഒന്നിനകം മൊത്തം 100,000 കവിയുമെന്നും പ്രവചിക്കുന്നു.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചൊവ്വാഴ്ച ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ മോഡല്‍ പരിഷ്‌കരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. പലപ്പോഴും വൈറ്റ് ഹൗസ് ഉദ്ധരിച്ചത് ഓഗസ്റ്റ് നാലിനകം അമേരിക്കയില്‍ 147,000 കൊറോണ വൈറസ് മരണങ്ങള്‍ ഉണ്ടാകുമെന്നാണ്. ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 328,498 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടിട്ടുണ്ട്. 16,000 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇപ്പോഴും കൃത്യമായ കണക്കുകള്‍ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ന്യൂജഴ്‌സി സംസ്ഥാനത്ത് നിന്നുമാണ് ശരിയായ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. ഇവിടെയുള്ള ഏകദേശം നാനൂറോളം നഴ്‌സിങ് ഹോമിലെ പരിശോധനയും ഇനിയും പൂര്‍ത്തിയായിട്ടില്ല.

വൈറസ് മരണം തുടരുമ്പോഴും അതിന്റെ യഥാര്‍ത്ഥ അളവും പാതയും അജ്ഞാതമാണ്. മിക്ക ദിവസങ്ങളിലും 20,000 ത്തിലധികം പുതിയ കേസുകള്‍ തിരിച്ചറിയുന്നു. ഈ കഴിഞ്ഞ ആഴ്ചയിലെ മിക്കവാറും എല്ലാ ദിവസവും ആയിരത്തിലധികം അമേരിക്കക്കാര്‍ വൈറസ് ബാധിച്ച് മരിച്ചു.

SHARE