ചൈനീസ് കമ്പനിക്ക് നിയന്ത്രണങ്ങളുമായി അമേരിക്ക; തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ ചൈനീസ് കമ്പനിയായ വാവേയ്ക്ക് ലഭ്യമാകുന്നത് നിയന്ത്രിക്കാന്‍ പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്ക. എന്നാല്‍ അമേരിക്കയുടെ നടപടിക്കെതിരെ ചൈന രംഗത്തെത്തി. യുക്തിരഹിതമായ അടിച്ചമര്‍ത്തലാണ് അമേരിക്ക നടത്തിയതെന്ന് ചൈന ആരോപിച്ചു.

ആഗോള നിര്‍മാണ, വിതരണ, മൂല്യശൃംഖലയെ തകര്‍ക്കുന്ന നീക്കമാണ് ഇതെന്ന് ചൈന പറഞ്ഞു. ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താല്‍പ്പര്യങ്ങളും ചൈന ഉയര്‍ത്തിപ്പിടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വാവേയ്ക്കും മറ്റ് ചൈനീസ് സ്ഥാപനങ്ങള്‍ക്കും എതിരെ അമേരിക്ക ഏര്‍പ്പെടുത്തുന്ന യുക്തിരഹിതമായ അടിച്ചമര്‍ത്തല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ചിപ്പ് രൂപകല്‍പനയ്ക്ക് അമേരിക്കന്‍ സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറും ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനികള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുവാദമില്ലാതെ വാവേയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കരുതെന്നാണ് അമേരിക്കയുടെ പുതിയ നിയമം.

അതേസമയം വാവേയ്ക്കുമേലുള്ള കടുത്ത സമ്മര്‍ദ്ദത്തിന് ചൈന തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആപ്പിള്‍, ക്വാല്‍കോം, സിസ്‌കോ, ബോയിങ് പോലുള്ള കമ്പനികളെ ചൈന ലക്ഷ്യമിട്ടേക്കും.

SHARE