ചൈനയെ മറികടന്ന് അമേരിക്ക ഒന്നാമത്; കോവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കവിഞ്ഞു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. നിലവില്‍ അമേരിക്കയുടെ സ്ഥിതി രൂക്ഷമാകുകയാണ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക മുന്നിലെത്തി. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,843 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 85,052 ആയി.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മരണസംഖ്യ 1209 ആയി. കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേരാണ്. കോവിഡ് രോഗബാധ വന്‍തോതില്‍ വര്‍ധിച്ചതോടെ, നഗരങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യം രംഗത്തിറങ്ങി.

കോവിഡ് വന്‍ ദുരിതം വിതച്ച ഇറ്റലിയില്‍ മരണം 8000 കവിഞ്ഞു. 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 8215 ആയി ഉയര്‍ന്നു. ലോകത്തെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 5,31,337 ആയി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം വെല്ലുവിളിയായിരിക്കുകയാണ്.

കൊവിഡ് വൈറസ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി നിന്ന് ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് റഷ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് വ്യാപനം മൂലം പല രാജ്യങ്ങലുടെയും സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.