തീവ്രവാദമല്ല, ഭീഷണി ഉയര്‍ത്തുന്നത് ചൈനയും റഷ്യയും; ദേശീയ പ്രതിരോധ നയം തിരുത്തി അമേരിക്ക

തീവ്രവാദമാണ് രാജ്യസുരക്ഷക്കു ഭീഷണി എന്നു വാദിച്ചിരുന്ന അമേരിക്കന്‍ ദേശീയ പ്രതിരോധ നയത്തില്‍ മാറ്റം. തീവ്രവാദത്തേക്കാള്‍ ചൈനയും റഷ്യയും ഉയര്‍ത്തുന്ന വെല്ലുവിളികളാണ് രാജ്യം ജാഗ്രതയോടെ വീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ഇന്നലെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ നയത്തിലാണ് ചൈനക്കും റഷ്യക്കുമെതിരെ നിലപാട് കടുപ്പിച്ചത്. യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് പ്രഖ്യാപനം നടത്തിയത്.

യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്

ചൈനയും റഷ്യയുമാണ് അമേരിക്കക്കെതിരായ പ്രധാന ശത്രു. അവര്‍ക്കെതിരെ രാജ്യം സദാ ജാഗരൂകരായിരിക്കും. എന്നാല്‍ തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും ജെയിംസ് മാറ്റിസ് പറഞ്ഞു. സാമ്പത്തികം, നയപരം, സുരക്ഷ എന്നീ വിഷയങ്ങളില്‍ റഷ്യയും ചൈനയും അതിര്‍വരമ്പുകള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങള്‍ക്കു പുറമെ ഇറാനും ഉത്തരകൊറിയയും അമേരിക്കക്കു ശത്രുനിരയില്‍ തന്നെയാണ് അദ്ദേഹം പറഞ്ഞു.