മാസ്‌കിന് വേണ്ടി പിടിവലി; അമേരിക്ക രണ്ട് ലക്ഷം മാസ്‌ക് കൊള്ളയടിച്ചെന്ന് ജര്‍മനി

കൊറോണ ലോകത്ത് ഭീതിയായി നിലനില്‍ക്കുന്നതിനിടെ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചു. ജര്‍മനിയിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയ മാസ്‌കുകള്‍ ബാങ്കോക്കില്‍ തടഞ്ഞ് അമേരിക്കയിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കന്‍ കമ്പനിയായ 3എമ്മിനു വേണ്ടി മാസ്‌ക് നിര്‍മിച്ചു നല്‍കുന്നത് ഒരു ചൈനീസ് കമ്പനിയാണ്. ചൈനയില്‍നിന്നു കൊണ്ടുപോയ മാസ്‌കുകള്‍ അമേരിക്ക പിടിച്ചെടുത്തുവെന്നാണ് ആരോപണം.കോവിഡ് 19 നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തരവിപണിയില്‍ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് അമേരിക്കയ്‌ക്കെതിരെ ആരോപണവുമായി ജര്‍മനി രംഗത്തെത്തിയത്.എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് 3എം എന്ന അമേരിക്കന്‍ കമ്പനി അറിയിച്ചു. ബെര്‍ലിന്‍ പൊലീസില്‍നിന്ന് ഓര്‍ഡറൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.മാസ്‌കുകള്‍ നേരിട്ടു കണ്ട് ഗുണനിലവാരം ഉറപ്പാക്കിയശേഷം പണം നല്‍കാനാണ് ജര്‍മനി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നും നോക്കാതെ പണം നല്‍കി മാസ്‌കുകള്‍ സ്വന്തമാക്കുകയാണ് അമേരിക്ക ചെയ്തതെന്ന് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

SHARE