അമേരിക്ക- ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധമെന്ന് ഖത്തര്‍

 

ദോഹ: അമേരിക്കയും ജിസിസി രാജ്യങ്ങളും ഉള്‍പ്പെടുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ഉപരോധ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ സ്വമേധയാ പങ്കെടുക്കണമെന്നും ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദങ്ങളിലൂടെയോ ബലപ്രയോഗങ്ങളിലൂടെയോ ആകരുത് സഊദി സഖ്യരാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതെന്നും വാഷിംഗ്ടണ്‍ ഡി സിയില്‍ അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്ര സംവാദത്തില്‍ പങ്കെടുക്കുന്നതിനായാണ് ശൈഖ് മുഹമ്മദ് അമേരിക്കയിലെത്തിയത്. ഖത്തറും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ജനുവരി 30ന് നടന്ന സംവാദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലുള്‍്പ്പടെ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഗള്‍ഫ് പ്രതിസന്ധിയും ചര്‍ച്ചയായി. മേഖലയിലെ രാജ്യങ്ങളെ സമമായി കണ്ടുകൊണ്ടുള്ള തത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്ന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംസാരിക്കവെ ഖത്തര്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ജിസിസി പുന: സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ എല്ലാം മറക്കാനും പൊറുക്കാനും സന്നദ്ധമാണ്. മേഖലയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നയതന്ത്ര സംവാദങ്ങളും ചര്‍ച്ചകളും തുടങ്ങുന്നതിനും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും രാജ്യാന്തര സമൂഹം ആവശ്യപ്പെടുമെന്നുതന്നെയാണ് ഖത്തറിന്റെ പ്രതീക്ഷ. മേഖലയിലെ രാജ്യങ്ങളോട് അമേരിക്ക പ്രകടിപ്പിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്. ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും വ്യാജ ആരോപണങ്ങള്‍, വാര്‍ത്താ പ്രചാരണങ്ങള്‍, മാനവീകവിരുദ്ധതകള്‍, നിയമവിരുദ്ധമായ വിപണി കൃത്രിമത്വങ്ങള്‍ എന്നിവയെല്ലാം ലോകം മനസ്സിലാക്കുന്നുണ്ട്. ഉപരോധത്തെ മറികടക്കാന്‍ ഖത്തറിനു കഴിഞ്ഞിട്ടുണ്ട്. അതിനുള്ള ഉദാഹരണങ്ങള്‍ ഖത്തറിനു കാണിക്കാനാകും. മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കാന്‍ സാധ്യതയില്ലാത്തതാണിത്. ഖത്തറിലെ യു എസ് സൈനിക താവളം തന്ത്രപ്രധാനമായ കേന്ദ്രമാണ്. മിഡില്‍ ഈസ്റ്റിലെ ശക്തരാല്‍ തങ്ങള്‍ ചുറ്റപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളെങ്കിലും യുദ്ധവും സൈനിക നീക്കവും സൂചിപ്പിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മേഖലയിലെ സുരക്ഷക്കും ഭീകരതക്കെതിരായ പോരാട്ടത്തിലും അമേരിക്കക്കൊപ്പം നില്‍ക്കുന്ന നയമാണ് ഖത്തര്‍ സ്വീകരിച്ചുപോരുന്നത്.
അതിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭീകരതക്ക് സാമ്പത്തിക സഹായം നല്‍കുക, റിക്രൂട്ട് ചെയ്യുക, പ്രചാരണം നടത്തുക എന്നിവക്കെതിരെ വരുംകാലങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന അമേരിക്ക- ജിസിസി ഉച്ചകോടിക്കു ശേഷമാണ് ഗള്‍ഫ് പ്രതിസന്ധി രൂപപ്പെട്ടത്. ഉപരോധം പ്രഖ്യാപിച്ചയുടന്‍ സഊദി സഖ്യത്തിന്റെ നിലാപാടുകളോടു യോജിക്കുന്ന വിധത്തില്‍ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതോടെ സഊദി സഖ്യത്തിന്റെ തീരുമാനത്തിനു പിന്നില്‍ അമേരിക്കന്‍ ഇടപെടലുണ്ടായതായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ യു എസ് സ്റ്റേറ്റ് വകുപ്പ് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സാഹചര്യങ്ങള്‍ മാറുകയും ഉപരോധത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്ക് തെളിവുകളില്ലാതാവുകയും ചെയ്തതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു.
അതേസമയം എട്ടു മാസമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്ക കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് പ്രതിസന്ധി പരിഹരിക്കാന്‍ ഉത്സുകനാണെന്നും അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഖത്തറിലെ യു.എസ് എംബസ്സിയിലെ ചാര്‍ജ് ഡി അഫയേഴ്‌സ് റയാന്‍ ഗഌഹയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

SHARE