ചാലിയാറില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന്

വാഴക്കാട് : ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പെട്ട വിദ്യാര്‍ഥിയെ കൊണ്ട് പോകാന്‍ സ്വകാര്യആസ്പത്രി ആംബുലന്‍സ് വിട്ട് നല്‍കിയില്ല. ബുധനാഴ്ച ചാലിയാറില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ച വാഴക്കാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി അരവിന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാനാണ് വാഴക്കാട് സ്വകാര്യ ആസ്പത്രി അധികൃതര്‍ ആംബുലന്‍സ് വിട്ട് നല്‍കാതിരുന്നത്.


ബ്ലോക്ക്ജനപ്രതിനിധികളടക്കം നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ആംബുലന്‍സ് നല്‍കിയില്ല.ഏറെ നേരം വാക്കേറ്റം നടക്കുകയും പിന്നീട് മറ്റൊരു ആംബുലന്‍സ് വരുത്തിയാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയത്. ചാലിയാറില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടത് അറിഞ്ഞത് മുതല്‍ ഒരു ആംബുലന്‍സിനായി നാട്ടുകാര്‍ മുറവിളി കൂട്ടിയിരുന്നു.


വെള്ളത്തില്‍ നിന്ന് കിട്ടിയ മൃതദേഹം പൊലീസ് ജീപ്പില്‍ മടിയില്‍ കിടത്തിയാണ് ആസ്പത്രിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഹോസ്പിറ്റലില്‍ അപകടാവസ്ഥയിലുള്ള രോഗികളുള്ളത് കൊണ്ടാണ് ആംബുലന്‍സ് വിട്ട് നല്‍കാതിരുന്നതെന്നാണ് മാനേജര്‍ നല്‍കുന്ന വിശദീകരണം.

ഓമാനൂര്‍ തടപ്പറമ്പ് കോദാരം അരവിന്ദാണ് (14) ആണ് ചാലിയാറില്‍ അപകടത്തില്‍ മരണപ്പെട്ടത്. വാഴക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ കുട്ടികളോടൊന്നിച്ചു കുളിക്കാനിറങ്ങിയതായിരുന്നു.

SHARE