ആംബുലന്‍സ് ഡ്രൈവറുടെ വീഴ്ച മൂലം അത്യാസന്ന നിലയില്‍ കഴിഞ്ഞ കുഞ്ഞ് മരണപ്പെട്ടെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി ഡ്രൈവര്‍ ഒന്നര മണിക്കൂറോളം ആംബുലന്‍സ് നിര്‍ത്തിയിട്ടെന്നും അതാണ് കുഞ്ഞ് മരണപ്പെടാന്‍ കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നു.
ഒഡീഷയിലെ ആദിവാസി മേഖലയായ മയൂര്‍ബഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വയറിളക്കത്തിനു സമാനമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു വയസ്സുള്ള ആണ്‍കുഞ്ഞ് പിആര്‍എം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതി വഷളായതോടെ കുഞ്ഞ്നിനെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 108 ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോയത്. ഈ യാത്രക്കിടെയായിരുന്നു സംഭവം.
ഭക്ഷണം കഴിക്കാനായി വഴിയരികിലുള്ള കടയ്ക്ക് മുന്നില്‍ നിര്‍ത്തിയ ഡ്രൈവറും ഫാര്‍മസിസ്റ്റും ഉടന്‍ വരാമെന്ന് പറഞ്ഞാണ് പോയത്. ഏറെ നേരം കാത്തിരുന്നിട്ടും ഇവര്‍ വന്നില്ല. ഒരു മണിക്കൂര്‍ ആയപ്പോഴേക്കും കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇയാളെ തിരിഞ്ഞുപോയപ്പോള്‍ കണ്ടത് ഇരുവരും ഭക്ഷണം കഴിക്കുന്നതായിരുന്നു. മാതാപിതാക്കളെ ആട്ടിപ്പായിച്ച ഇരുവരും തങ്ങള്‍ക്ക് കുഞ്ഞിന്റെ അവസ്ഥ അറിയാമെന്നും പറഞ്ഞു. ഒന്നര മണിക്കൂറിനു ശേഷമാണ് ഇവര്‍ തിരികെ എത്തിയത്. അപ്പോഴേക്കും സ്ഥിതി വഷളായിരുന്നു
ഭക്ഷണം കഴിച്ച് ഡ്രൈവറും ഫാര്‍മസിസ്റ്റും എത്തിയതിനു ശേഷം യാത്ര തുടര്‍ന്നെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും ഭക്ഷണം കഴിക്കാന്‍ അത്രയും സമയം എടുത്തില്ലായിരുന്നു എങ്കില്‍ കുഞ്ഞ് ജീവനോടെ ഉണ്ടാവുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.