കുഴഞ്ഞുവീണ രോഗിയുമായി ആസ്പത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

കക്കോടി: കോഴിക്കോട് കക്കോടിയില്‍ രോഗിയുമായി ആസ്പത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. വികെ വിശ്വനാഥന്‍ കിടാവ് (67) ആണ് മരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ക്ലാര്‍ക്കാണ് വികെ വിശ്വനാഥന്‍.

വെള്ളിയാഴ്ച്ച രാവിലെയാണ് വിശ്വനാഥന്‍ വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് അടിവാരത്ത് എത്തിയത്. ഇയാളുടെ ഒപ്പം സൂഹൃത്തും ഉണ്ടായിരുന്നു. ഇവിടെ മുറിയെടുത്ത് ഭക്ഷണം കഴിക്കവേയാണ് കുഴഞ്ഞ് വീഴുന്നത്. ഉടനെ താമരശ്ശേരി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ട് പോവും വഴി അടിവാരത്ത് വെച്ച് ആംബുലന്‍സ് മറിയുകയായിരുന്നു.

ഗുരുതര പരിക്കേറ്റ വിശ്വനാഥനെ മറ്റൊരു വാഹനത്തില്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം അസ്വാഭാവിക മരണത്തിന് കേസ്സെടുത്തതായി താമരശ്ശേരി പോലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌കാരം ഞായറാഴ്ച്ച വീട്ടുവളപ്പില്‍ നടക്കും.

SHARE