രോഗിയെ കൊണ്ടുവരാന്‍ പോയ ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു


അന്തിക്കാട് : ഗവ. ആശുപത്രിയിലെ ‘108’ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് സ്റ്റാഫ് നഴ്‌സ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി താണിക്കല്‍ ചമ്മണത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 6.45ഓടെ അന്തിക്കാട് ആല്‍ സ്റ്റോപ്പിനു സമീപമാണ് അപകടം. രോഗിയെ കൊണ്ടുവരാന്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ അന്തിക്കാട് സ്വദേശി അജയ്കുമാര്‍ (29) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എതിരേ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ആംബുലന്‍സ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു.

അപകടത്തില്‍പ്പെട്ടവരെ പെരിങ്ങോട്ടുകര സര്‍വതോഭദ്രം ആംബുലന്‍സിലാണ് തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ ഡോണ മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരുഭാഗം തെറിച്ച് വീടിന്റെ മുന്‍വാതിലും തകര്‍ന്നു. വീട്ടുകാര്‍ അടുക്കളയിലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അമ്മ: റോസി. സഹോദരങ്ങള്‍: വിറ്റോ, ഡാലി.

SHARE