അമ്പലപ്പുഴ: ആസ്പത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതിക്കാറാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം തായങ്കരി സ്വദേശി മനോജ് ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ട ആവശ്യത്തിനായി വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് ബന്ധുക്കള്‍ വന്ന കാറാണ് കത്തിയത്. മരണമടഞ്ഞ മനോജിന്റെ ബന്ധു ഇടുക്കി വാഗമണ്‍ സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ള കാറായിരുന്നു .സുഹൃത്ത് ഗണേഷാണ് കാര്‍ ഓടിച്ചത്.
കാറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് മോര്‍ച്ചറിയിലേക്ക് കയറിയതിന് പിന്നാലെയാണ് തീ പിടിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.വാലന്റൈന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഫയര്‍ഫോഴ്സ് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ല. അപകട കാരണം വ്യക്തമായിട്ടില്ല.