ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍പ്പെട്ട് ലോകത്തെ മിക്ക വാണിജ്യ കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ അതിലൊന്നും ഉലയാതെ ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണ്‍. കോവിഡ് കാലത്ത് ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിന്റെ ആസ്തിയില്‍ 2400 കോടി ഡോളറിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
കോവിഡിനെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണാണ് ആമസോണിന് ഗുണകരമായത്. പുറത്തിറങ്ങാന്‍ വഴിയില്ലാതായതോടെ ആളുകള്‍ ആമസോണ്‍ വഴി വീട്ടിരുന്നത് സാധനങ്ങള്‍ വാങ്ങി. ഇക്കാലയളവില്‍ 5-6 ശതമാനം വളര്‍ച്ചയാണ് ആമസോണിന്റെ ഓഹരികളില്‍ ഉണ്ടായിട്ടുള്ളത്. കമ്പനിയില്‍ 12 ശതമാനം ഓഹരിയാണ് ലോകത്തെ അതിസമ്പന്നനായ ബെസോസിന് ഉള്ളത്. ബൂംബ്ലയര് ഇന്‍ഡക്സിന്റെ കമക്കുപ്രകാരം 138 ബില്യണ്‍ യു.എസ് ഡോളറാണ് ബെസോസിന്റെ ആസ്തി.
കോവിഡ് കാലത്ത് ഓരോ സെക്കന്‍ഡിലും 11000 ഡോളര്‍ ആമസോണിന്റെ അക്കൗണ്ടിലെത്തുന്നു എന്നാണ് ധനകാര്യ വിദഗ്ദ്ധരുടെ കണക്ക്. ആഗോള തലത്തില്‍ തന്നെ മാന്ദ്യം പിടി മുറുക്കിയ വേളയില്‍ ആമസോണിന്റെ വില്‍പ്പനയില്‍ 21 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. വില്‍പ്പന കുതിച്ചതോടെ 175,000 പുതിയ ജീവനക്കാരെയും കമ്പനി നിയമിച്ചു.
എന്നാല്‍ ഇതുവരെ യു.എസ് ഫുഡ്ബാങ്കിലേക്ക് ബെസോസ് നൂറ് മില്യണ്‍ യു.എസ് ഡോളറാണ് സംഭാവന ചെയ്തിട്ടുള്ളത്. അഥവാ സ്വന്തം സമ്പത്തിന്റെ 0.1 ശതമാനം മാത്രം!