ലഖ്നൗ: സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍സിങ് (64) സിംഗപൂരില്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഉത്തര്‍പ്രദേശിലെ അലീഗറില്‍ 1956 ജനുവരി 24നാണ് ജനനം.
1996ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2003ല്‍ വീണ്ടും ഉപരിസഭയിലെത്തി. 1990കളിലാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പ്രത്യേകിച്ചും പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായംസിങ് യാദവിനെതിരെയുള്ള പോരില്‍.
ഉന്നത ബിസിനസ് ബന്ധങ്ങളുള്ള രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. യു.പി, മഹാരാഷ്ട്ര, കേരളം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ബിസിനസ് ബന്ധങ്ങളുണ്ട്. രാഷ്ട്രീയത്തില്‍ ഒരുകാലത്ത് മുലായത്തിന്റെ വിശ്വസ്തനായിരുന്ന അമര്‍സിങിനെ 2010ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.