പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി യുവതാരങ്ങള്‍; മൗനം തുടര്‍ന്ന് മമ്മുട്ടിയും മോഹന്‍ലാലും

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി മലയാള സിനിമയിലെ യുവതാരങ്ങള്‍. ബില്‍ പാസാക്കിയതിനു ശേഷം ആദ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയത് നടി പാര്‍വ്വതിയാണ്. പിന്നീട് ജാമിഅ മില്ലിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി.

അമല പോള്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ബിനീഷ് ബാസ്റ്റിന്‍, ടോവിനോ തോമസ്, സണ്ണിവെയിന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍, ഗീതുമോഹന്‍ദാസ് തുടങ്ങിയവര്‍ പ്രതികരണവുമായി രംഗത്തെത്തി. ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ പോലീസിനു നേരെ വിരല്‍ ചൂണ്ടി വിറപ്പിച്ച മലയാളി വിദ്യാര്‍ഥി അയിഷ റെന്നയ്ക്ക് അഭിനന്ദനമറിയിച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയില്‍ ആയിരിക്കും. ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’-എന്നായിരുന്നു ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം. മതനിരപേക്ഷത വാഴട്ടെ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം. ‘ഇന്ത്യ നിന്റെ തന്തയുടെതല്ല’എന്നാണ് അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ജാമിഅ വിദ്യാര്‍ഥിനി ആയിഷ റെനയുടെ സമരപോരാട്ട ഫോട്ടോക്ക് അടിക്കുറിപ്പായി പങ്കുവെച്ചത്. ഡല്‍ഹി പൊലീസിന്റെ വ്യത്യസ്ത സമീപനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഫോട്ടോയും അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

അതേസമയം, മലയാളത്തിലെ മുതിര്‍ന്ന നടന്‍മാരായ മമ്മുട്ടിയും മോഹന്‍ലാലും മൗനം തുടരുന്നതിന് സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തി. നേരത്തെ, നോട്ട് നിരോധനത്തിനെ അനുകൂലിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മോഹന്‍ലാല്‍ മൗനം തുടരുകയാണെന്നും വിമര്‍ശനമുയര്‍ന്നു.

SHARE