നടി ആക്രമിക്കപ്പെട്ട കേസ്: ആലുവ പോലീസ് ക്ലബ്ബില്‍ അടിയന്തര യോഗം

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ഇന്നലെ രാത്രിയാണ് ആലുവ പോലീസ് ക്ലബ്ബില്‍ യോഗം ചേര്‍ന്നത്. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഗൂഢാലോചനക്കുറ്റം ആരോപിച്ചായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്. 85ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ദിലീപ് ജാമ്യത്തിലിറങ്ങുന്നത്. ജാമ്യത്തിലിറങ്ങിയ ദിലീപിനെ കാണാന്‍ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ കാണാനെത്തി. അതേസമയം, ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് പൂര്‍ണ്ണപിന്തുണ നല്‍കണമെന്ന് ഓര്‍മ്മിപ്പിച്ച് സിനിമയിലെ വനിതാകൂട്ടായ്മ രംഗത്തെത്തി. ആ പെണ്‍കുട്ടിയുടെ ഇച്ഛാശക്തിക്ക് കരുത്ത് പകരുന്നതാകണം ഇടപെടലെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.