ആലുവയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം

കൊച്ചി: ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സിയെ(20)യാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അതേസമയം, സംഭവം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

ആലുവ പറവൂര്‍ കവലയിലുളള വാടക വീട്ടില്‍ ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂടെ താമസിക്കുന്ന പെണ്‍കുട്ടിയാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സമീപവാസികളെ അറിയിച്ചു. ഒരാഴ്ച മുമ്പാണ് യുവതി ഇവിടെ താമസത്തിനെത്തിയതെന്ന് പറയപ്പെടുന്നു. യുവതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനം താമസത്തിനായി എടുത്തു നല്‍കിയ വീടാണിത്.

എന്നാല്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ജോയ്‌സി കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചിരുന്നെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉളള കാര്യം പറഞ്ഞിരുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂര്‍ കവലയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിക്ക് കയറിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അടക്കമുളളവ പൊലീസ് പരിശോധിക്കുന്നുണ്ട്.

SHARE