സിനിമാ സെറ്റ് തകര്‍ത്ത കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവ: ആലുവയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസിലെ പ്രതികളെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും.സംഭവത്തില്‍ പ്രതികളായ മറ്റു ചിലരെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, 454 പകല്‍ സമയത്ത് മോഷണം നടത്തുക, 380 വീട്ടില്‍ കയറി മോഷണം നടത്തുക… എന്നീ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ കൂടാതെ അനധികൃതമായി സംഘം ചേരുക, മാരകായുധങ്ങളുമായി സംഘം ചേരുക, തടവുശിക്ഷ കിട്ടാവുന്ന രീതിയില്‍ അതിക്രമിച്ചു കയറുക, സ്വത്ത് വകകള്‍ക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകള്‍ ചേര്‍ത്തും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സിനിമയുടെ സെറ്റ് തകര്‍ത്ത കേസിലെ രണ്ടു പ്രതികളെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ പത്ത് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ ചിലരെ കൂടി കസ്റ്റഡിയിലെടുത്തതായാണ് സൂചന.

വിവിധ സിനിമാ സംഘടനകളുടെയും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം ഉള്‍പ്പെടെ 29 കേസുകളിലെ പ്രതിയായ രതീഷ് എന്നയാളുടെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകരും എത്തിയാണ് സെറ്റ് തകര്‍ത്തത്.

SHARE