താന്‍ മികച്ചവനെന്ന് പറയാത്തതിന് മമ്മുട്ടിക്കെതിരെ കണ്ണന്താനം

കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ,് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയപ്പോള്‍ തന്നെ വിട്ടുകളഞ്ഞ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. മമ്മൂട്ടിയുടെ ആ പരാമര്‍ശം അപക്വമാണെന്നും മമ്മൂട്ടിയെപ്പോലെയുള്ള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

‘ മമ്മൂട്ടി ശരിക്കും കാണിച്ചത് ഒരു ഇമ്മേച്യൂരിറ്റിയാണ്. അദ്ദേഹം സീനിയറായ നടനല്ലേ, വലിയൊരു നടനാണ്. പത്ത് നാല്‍പ്പത് വര്‍ഷമായി കേരളത്തിലെ ഹീറോ ആയിട്ടിരിക്കുന്ന ആളാണ്. അപ്പോള്‍ അദ്ദേഹത്തിനറിയാം ഇവിടെ മൂന്ന് സ്ഥാനാര്‍ത്ഥികളുണ്ടെന്ന്. അപ്പോള്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ പിടിച്ചു നിര്‍ത്തി ഇവര്‍ രണ്ടുപേരും കൊള്ളാം എന്ന് അതിരാവിലെ വോട്ടിങ് ദിവസത്തില്‍ പറയുന്നതൊക്കെ. അതൊന്നും ശരിയല്ല. അതുമൊരു സീനിയറായ നടന്, ഉത്തരവാദിത്തമുള്ള പൊസിഷനിലിരിക്കുന്ന ഒരാള്‍ ഇങ്ങനെ പറയുന്നത് വളരെ മോശമാണ്. അദ്ദേഹം പറയാനുള്ളത് പറഞ്ഞു. എനിക്ക് തോന്നുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം, ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല. ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോയി.. മനസിലായോ (ചിരിക്കുന്നു). മോഹന്‍ലാലിനെ കാണാന്‍ പോയ ആള്‍ എന്തുകൊണ്ട് എന്നെ കാണാന്‍ വന്നില്ല എന്നൊരു ചെറിയ ഹുങ്ക് കാണുമായിരിക്കും. അതുകൊണ്ടായിരിക്കും. അല്ലെങ്കില്‍ പിന്നെ ആരെങ്കിലും വോട്ടിങ്ങിന്റെ ദിവസം പറയുമോ മൂന്ന് സ്ഥാനാര്‍ത്ഥികളുള്ളിടത്ത്, അതും ഒരു കേന്ദ്രമന്ത്രിയായിരിക്കുന്ന ഞാന്‍. ഞാന്‍ സ്വതന്ത്രനൊന്നും അല്ലല്ലോ ‘ അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു.

എന്നാല്‍ തന്റെ പേര് പരാമര്‍ശിക്കാതെയും തന്നെ കുറിച്ച് ഒരക്ഷരം പറയാതെയുമുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. ‘ വോട്ട് നമ്മുടെ അവകാശമാണ്. നമ്മള്‍ നമുക്ക് വേണ്ടി ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയാണ്. അത് ഇവരുടെ ഗുണങ്ങള്‍ അനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. ഹൈബിയും രാജീവും എനി്ക്ക് വേണ്ടപ്പെട്ടവരാണ്. പല സ്ഥാനാര്‍ഥികളും പരസ്പരം മത്സരിക്കുമ്പോള്‍ ഒരുപോലെ ജയിച്ചു വരണമെന്ന് ആഗ്രഹിക്കും. പക്ഷെ എനിക്ക് ഒരു വോട്ടേയുള്ളൂ’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

SHARE