ന്യൂഡല്‍ഹി: തൊഴിലില്ലായ്മ മൂലം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്ന സാമൂഹിക വിഭാഗം മുസ്ലിംകളെന്ന് സര്‍വേ. മുസ്ലിംകളില് 68.06 ശതമാനം പേര്‍ക്കും വരുമാനമില്ലാതെ ഒരു മാസത്തിലധികം പിടിച്ചു നില്‍ക്കാനാകില്ലെന്ന് സര്‍വേ പറയുന്നു. ഐഎഎന്‍എസ് – സി വോട്ടര്‍ എക്കണോമിക് ബാറ്ററി വേവ് സര്‍വേയിലാണ് ഇക്കാര്യം.
ഒരു മാസത്തിന് താഴെ മാത്രം പിടിച്ചു നില്ക്കാന് കഴിയുന്നവരാണ് 38.4 ശതമാനം മുസ്ലിംകളും. 30.2 ശതമാനം പേര്‍ക്ക് ഒരു മാസം വരെ പിടിച്ചു നില്ക്കാം- സര്‍വേ പറയുന്നു.
കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക പിന്തുണ കൊണ്ട് ജോലിയോ വരുമാനമോ ഇല്ലാതെ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്കും ഒരു മാസത്തിലധികം പിടിച്ചു നില്‍ക്കാനാകില്ലെന്ന് സര്‍വേ പറയുന്നു.
ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും മൂലം തൊഴില്‍ നഷ്ടം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍വേ പ്രസക്തമാകുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 28.2 ശതമാനം പുരുഷന്മാര് ഒരു മാസത്തില്‍ താഴെ മാത്രമേ വരുമാനമില്ലാതെ പിടിച്ചു നില്ക്കാന് കഴിയൂവെന്ന് പ്രതികരിച്ചു. 20.7 ശതമാനം പേര് വരുമാനമില്ലാതെ ഒരു മാസം ജീവിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. വരുമാനമില്ലാതെ ഒരു വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയത് സര്‍വേയില്‍ പങ്കെടുത്ത 10.7 ശതമാനം പേര് മാത്രം.
വരുമാനമില്ലാതെ ഒരു മാസത്തിലധികം ജീവിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയവരുടെ കണക്കുകള്‍ ഇങ്ങനെ;
- രണ്ടു മാസം ജീവിക്കാന്‍ കഴിയുന്നവര്‍ – 10.2 ശതമാനം, മൂന്ന് മാസം – 8.3 ശതമാനം, നാല് മുതല്‍ ആറുമാസം വരെ- 9.7 ശതമാനം, ഒരു വര്‍ഷംവരെ ജീവിക്കാന്‍ കഴിയുന്നത് 5.7 ശതമാനം.
രാജ്യത്തെ 500 ലോക്സഭാ മണ്ഡലങ്ങളിലാണ് സര്‍വേ നടന്നത്. വരുമാനമില്ലാതെ ഒരു മാസമോ അതില്‍ താഴെ മാത്രമോ പിടിച്ചു നില്ക്കാന് കഴിയുന്ന സ്ത്രീകളുടെ കണക്കും പുരുഷന്മാരുടേതിന് സമാനമാണ്. എന്നാല്‍ ഒരു മാസം പിടിച്ചുനില്ക്കാന് കഴിയുമെന്ന് പ്രതികരിച്ചവരാണ് സ്ത്രീകളില്‍ അധികവും.
സ്ത്രീകളില്‍ 19.9 ശതമാനം പേരാണ് ഒരു മാസത്തില്‍ താഴെ മാത്രമെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് വ്യക്തമാക്കിയത്. 28.4 ശതമാനം പേര് ഒരുമാസക്കാലം ജീവിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി. 11.5 ശതമാനം സ്ത്രീകളാണ് വരുമാനമില്ലാതെ ഒരു വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയത്.
60 വയസിന് മുകളില്‍ പ്രായമുള്ള 19.2 ശതമാനം പേര് ഒരു വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുമെന്ന് ഉത്തരം നല്കി. ജോലിയോ വരുമാനമോ ഇല്ലാതെ വളരെ കുറച്ചുകാലം മാത്രമെ ജീവിക്കാന്‍ കഴിയൂവെന്ന് വ്യക്തമാക്കിയവരില്‍ അധികവും ചെറുപ്പക്കാരാണ്. 25 – 40 പ്രായപരിധിയില്‍ ഉള്ളവരില്‍ 28.6 ശതമാനംപേര്‍ വരുമാനമില്ലാതെ ഒരുമാസത്തില്‍ താഴെ മാത്രമെ പിടിച്ചുനില്ക്കാന് കഴിയൂവെന്ന് അറിയിച്ചു.
ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ 31.6 ശതമാനം പേര് വരുമാനമില്ലാതെ ഒരു വര്‍ഷത്തിലധികം പിടിച്ചുനില്ക്കാന് കഴിയുമെന്ന് വ്യക്തമാക്കി. എന്നാല്‍, ഉയര്‍ന്ന വരുമാനമുള്ളവരില്‍ 29.6 ശതമാനം പേരാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.