ലോക്ക്ഡൗണ്‍; അവശ്യസേവനങ്ങള്‍പോലും മുടങ്ങി; എംപിയില്‍ മൃതദേഹങ്ങള്‍ വഹിക്കുന്നത് സ്‌കൂട്ടറില്‍

രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. ലോക്ഡൗണിനിടെ അത്യവശ്യസേനങ്ങള്‍പോലും മുടങ്ങിതോടെ എംപിയില്‍ മൃതദേഹങ്ങള്‍ വഹിക്കാന്‍ പോലും വാഹനങ്ങളില്ലാത്ത സ്ഥിതിയാണ്.

മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ ദീര്‍ഘനേരം ആംബുലന്‍സിനായി കാത്തുനില്‍ക്കുന്നതും ഒടുവില്‍ മൃതദേഹങ്ങള്‍ വഹിക്കാന്‍ കുടുംബങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

മധ്യപ്രദേശില്‍ ഇന്റോറില്‍ സമാനമായ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. പ്രദേശത്ത് കോവിഡ് കേസുകളും വര്‍ദ്ധിച്ചതോടെ ആസ്പത്രികള്‍ ആംബുലന്‍സുകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ 80 ശതമാനത്തിലധികവും കോവിഡ് ഇന്റോറിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആദ്യ കേസില്‍, കോവിഡ് പടര്‍ന്ന ഇന്‍ഡോറിലെ ബദ്വാലി ചൗക്കിയിലെ താമസക്കാരനായ പാണ്ഡു ചന്ദനെ (60) ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആസ്പത്രി പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്. എന്നാല്‍ പിറ്റേന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതോടെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങളോ ആംബുലന്‍സോ ലഭിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ആസ്പത്രിയിലെത്തുമ്പോഴേക്കും അദ്ദേഹം മരിക്കുകയായിരുന്നു. സ്‌കൂട്ടറിലാണ് മൃതദേഹം തിരിച്ച് വീട്ടിലെത്തിച്ചത്.

രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഖണ്ട്വ ജില്ലയിലെ ഖഡക്പുര പ്രദേശത്ത് നിന്നാണ്. പ്രമേഹ രോഗിയായ 65 കാരനായ ഷെയ്ഖ് ഹമീദിനാണ് ആംബുലന്‍സ് നിഷേധിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ സ്‌കൂട്ടറില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് മരിക്കുകയായിരുന്നു.

5cvhov58

ഇന്‍ഡോറിലെ സംഭവം മധ്യപ്രദേശിലെ പുതിയ സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ലോക്ക്ഡൗണിനിടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ശിവരാജ് സിംഗ് ചൗഹാന്‍ കോവിഡ് പ്രതിരോധ പരിപാടികളില്‍ പാടെ പരാജയപ്പട്ടതായി കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം പോലും ലോക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും കോവിഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ മഹാരാഷ്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് എംപി.

മധ്യപ്രദേശ്, ഗുജ്‌റാത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിരീകരണത്തില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 116 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മധ്യപ്രദേശില്‍ 730 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 53 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വന്ന അഭാവമാണ് കോവിഡ് -19 എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമായതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.

‘നേരത്തെ ടെസ്റ്റിംഗിന് ഒരു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. മാര്‍ച്ച് 23 വരെ ഒരു ടെസ്റ്റുകള്‍ പോലും നടത്തിയിരുന്നില്ല. ഇപ്പോള്‍ 9 ഫംഗ്ഷണല്‍ ലാബുകളാണ് വന്നത്. ടെസ്റ്റുകള്‍ക്കായി ഡല്‍ഹിയിലേക്ക് സാബിള്‍ അയയ്ക്കുന്നു. ഇപ്പോള്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അതിനാലാണ്, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.