കോവിഡിന് പിന്നാലെ ചൈനയില്‍ ഹാന്റ വൈറസും; മരണത്തിന് കാരണമാകുന്ന ഹാന്റയെക്കുറിച്ച് അറിയേണ്ടത്

ലക്ഷണങ്ങള്‍, വ്യാപനം, മുന്‍കരുതല്‍, മരണ നിരക്ക്

കഴിഞ്ഞ ദിവസം ലോകമാനം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്കാണ് ഹാന്റ വൈറസ്. കൊറോണയുടെ താണ്ഡവം ശമിക്കും മുന്നേ അതിന്റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ പുതിയ മഹാമാരി പൊട്ടിപ്പുറപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ചൈനയില്‍ തിങ്കളാഴ്ചാണ് ഹാന്റ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചത്. ജോലിസ്ഥലത്ത് നിന്നും കിഴക്കന്‍ ഷാന്‍ഡോംഗിലേക്ക് ബസില്‍ മടങ്ങിയ ആളാണ് ഹാന്റ വൈറസ് ബാധിച്ച് മരിച്ചെതെന്നാണ് ചൈനീസ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബസ്സിലുണ്ടായിരുന്ന മറ്റ് 32 പേരെയും നിരീക്ഷണത്തിന് വിധേയമാക്കിയതായും മാധ്യമങ്ങള്‍ വ്യക്തമാക്കി.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപോലെ ഹാന്റവൈറസ് ഒരു പുതിയ രോഗമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അപ്പോള്‍, എന്താണ് ഹാന്റവൈറസ്?

എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളില്‍ കാണുന്ന വൈറസാണ് ഹാന്റ. പ്രധാനമായും എലിശല്യം മൂലം പരക്കുന്ന വൈറസിലൂടെ ലോകമെമ്പാടുമുള്ള ആളുകളില്‍ വൈവിധ്യമാര്‍ന്ന രീതിയിലാണ് രോഗങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ സ്ഥാപനമായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അഭിപ്രായപ്പെടുന്നു.

വൈറസിന്റെ പേര് പലയിടത്തും പലതാണ്. ദക്ഷിണ കൊറിയയിലെ ഹാന്റന്‍ നദീതീരത്താണ് ഈ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണ് ഹാന്റ എന്ന പേരു ലഭിക്കുന്നത്. അമേരിക്കയില്‍ ഹാന്റവൈറസുകളെ ”ന്യൂ വേള്‍ഡ്” ഹാന്‍ടവൈറസ് എന്നാണ് വിളിക്കുന്നു. ഈ ഹാന്റവൈറസ് ശ്വാസകോശ അസുഖള്‍ക്കാണ് (എച്ച്പിഎസ്) കാരണമാവുന്നത്. ”ഓള്‍ഡ് വേള്‍ഡ്” എന്നറിയപ്പെടുന്ന ഹാന്റവൈറസുകളാണ് യൂറോപ്പിലും ഏഷ്യയിലും കാണപ്പെടുന്നത് ഇത് വൃക്കസംബന്ധമായ (എച്ച്എഫ്ആര്‍എസ്) രോഗങ്ങള്‍ക്കാണ് കാരണമാവുന്നത്. ഈ രോഗം ആന്തരിക രക്തസ്രാവത്തിന് കാരണമാകാം.

Here, the picture shows Sin Nombre hantavirus particle.(Picture courtesy: CDC)

ഹാന്റവൈറസ് എങ്ങനെ പടരുന്നു?

മനുഷ്യര്‍ക്ക് പ്രധാനമായും രോഗം പടരുന്നത് എലികളില്‍കൂടിയാണ്. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവ വഴിയാണു രോഗം മനുഷ്യനിലേക്കു പകരുന്നത്. എലികളുടെ വിസര്‍ജ്യവും മറ്റു വീണ് വസ്തുക്കളിലൂടെടേയും രോഗബാധയുള്ള എലിയില്‍ നിന്നും കടിയേറ്റാലും എലി കരണ്ട വസ്തുക്കളോ സ്പര്‍ശിച്ച ശേഷം മൂക്കിലോ വായിലോ തൊടുമ്പോളും രോഗം പടരാന്‍ സാധ്യതയുണ്ട്. മനുഷ്യശരീരത്തിലേക്ക് എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തിലൂടെയാണ്. അന്തരീക്ഷത്തിലെ പൊടിയോടൊപ്പം കലരുകയും അത് മനുഷ്യന്‍ ശ്വസിക്കുകയും ചെയ്യുമ്പോഴാണു വൈറസ് ബാധിക്കുക.
എന്നാല്‍, ഹാന്റവൈറസ് ഇതുവരെ മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്താണ് ലക്ഷണങ്ങള്‍?

ക്ഷീണം, പനി, പേശിവേദന എന്നിവയാണ് ആദ്യകാല ലക്ഷണങ്ങള്‍. പേശികളില്‍ പ്രത്യേകിച്ച് തുട, അരക്കെട്ട്, പുറം, തോളുകള്‍ വേദന അനുഭവപ്പെടാം. തലവേദന, തലകറക്കം, വയറുവേദന, ഛര്‍ദി, വയറിളക്കം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും വരാം.

രണ്ടാംഘട്ട ലക്ഷണം (രോഗം ബാധിച്ച് 4മുതല്‍ 10 ദിവസത്തിനു ശേഷം): നെഞ്ചില്‍ കഫം നിറയല്‍, ചുമ, ശ്വാസതടസ്സം. മുഖത്ത് തലയിണ അമര്‍ത്തിപ്പിടിച്ചതു പോലെയും നെഞ്ചില്‍ വരിഞ്ഞുമുറുക്കിയതു പോലെയുമുള്ള അവസ്ഥയെന്നാണ് രോഗം ഭേദമായവര്‍ ശ്വാസതടസ്സത്തെ വിശദീകരിച്ചത്. രോഗം ബാധിച്ചാല്‍ മരണത്തിനുള്ള സാധ്യത 38 ശതമാനമാണ്.

ഇതൊരു പുതിയ വൈറസാണോ?

1978ല്‍ ദക്ഷിണ കൊറിയയിലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സി.ഡി.സി കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 1993 ല്‍ പകര്‍ച്ചവ്യാധിയില്‍ സമയത്ത് തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അരിസോണ, ന്യൂ മെക്‌സിക്കോ, കൊളറാഡോ, യൂട്ടാ തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗം കണ്ടുതുടങ്ങിയത്്. 1995ലാണ് എച്ച്പിഎസ് ദേശീയ തലത്തില്‍ രോഗപ്രഖ്യാപനമുണ്ടായത്.

2012 നവംബറില്‍ യോസെമൈറ്റ് നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ആളുകളില്‍ ഹാന്‍ടവൈറസ് അണുബാധയുണ്ടെന്ന് യുഎസിലെ നാഷണല്‍ പാര്‍ക്ക് സര്‍വീസ് (എന്‍പിഎസ്) സ്ഥിരീകരിച്ചിരുന്നു. 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹാന്റവൈറസ് മൂലമുണ്ടാകുന്ന രോഗം മാരകമാണോ?

സിഡിസിയുടെ കണക്കനുസരിച്ച് എച്ച്പിഎസിന്റെ മരണനിരക്ക് 38 ശതമാനമായത് കൊണ്ട് തന്നെ രോഗം മാരകമാണ്. വീടും പഴയ മുറികളും വൃത്തിയാക്കുമ്പോള്‍ നിര്‍ബന്ധമായും തൂവാല കൊണ്ടോ മറ്റോ മൂക്കും വായും മൂടുന്നത് മൂലം വൈറസിനെ തടയാന്‍ കഴിയും.
ശുചീകരണത്തിനിടെ വ്യക്തിശുചിത്വം ഉറപ്പാക്കുകയാണ് വേണ്ടത്. വൃത്തിയാക്കും മുന്‍പ്, പൊടി ഉയരുന്നത് തടയാന്‍ വെള്ളം തളിക്കുന്നതും പകര്‍ച്ച ഇല്ലാതാക്കും. വളര്‍ത്തെലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, വായ്, മൂക്ക് എന്നിവയില്‍ സ്പര്‍ശിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കു്ന്നു.