ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉപദേശവും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
നമ്മുടെ രാജ്യത്തിന് പുരോഗമനവും അഭിപ്രായസ്വാതന്ത്ര്യവുമുള്ള ഒരു യഥാര്‍ത്ഥ പാര്‍ട്ടി ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമഗ്ര രാഷ്ട്രീയത്തിന് പ്രതിജ്ഞാബദ്ധരും ഇന്ത്യയുടെ ബഹുസ്വരതയെ ബഹുമാനിക്കുന്നവരും ജനാധിപത്യത്തിന്റെ സ്ഥാപക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുമായ അനുഭവ സമ്പത്തുള്ള എല്ലാ ദേശീയ നേതാക്കളും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. അല്ലാതെ അതിനെ ദുര്‍ബലപ്പെടുത്തരുതെന്നും ശശി തരൂര്‍ കൂട്ടിചേര്‍ത്തു.
‘സമഗ്ര രാഷ്ട്രീയത്തിന് പ്രതിജ്ഞാബദ്ധരും ഇന്ത്യയുടെ ബഹുസ്വരതയെ ബഹുമാനിക്കുന്നവരുമായ അനുഭവ സമ്പത്തുള്ള ദേശീയ നേതൃത്വത്തിലുള്ള പുരോഗമനപരമായ ഒരു പാര്‍ട്ടി രാജ്യത്തിന് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ സ്ഥാപക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണം. അതിനെ ദുര്‍ബലപ്പെടുത്തരുത്, തരൂര്‍ ട്വീറ്റ് ചെയ്തു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെയും എം.എല്‍.എമാരെയും സമാധാനിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ ട്വീറ്റ്. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ഗെലോട്ടിന്റെ പരാതിയില്‍ പൊലീസ് സച്ചിന്‍ പൈലറ്റിന് മൊഴി നല്‍കാന്‍ നോട്ടീസ് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടിയന്തര യോഗം ഇന്ന് രാവിലെ ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയില്‍ നടത്താന്‍ ആലോചിച്ച യോഗം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ മാറ്റുകയായിരുന്നു.