യു.എ.ഇയിലേക്ക് വിമാനം കയറും മുമ്പ് കോവിഡ് പരിശോധന നിര്‍ബന്ധം; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി

ദുബൈ: യു.എ.ഇയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് യു.എ.ഇ. യാത്ര നടത്തുന്ന രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തണമെന്നും സര്‍ട്ടിഫിക്കറ്റ് ചെക്ക് ഇന്‍ ഡസ്‌കുകളില്‍ കാണിക്കണമെന്നും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നു മുതലാണ് നിയമം ബാധകമാകുക. പൗരന്മാര്‍, താമസവിസക്കാര്‍, ടൂറിസ്റ്റുകള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും ഇതു ബാധകമാണ്.

വിദേശങ്ങളില്‍ യു.എ.ഇ അംഗീകരിച്ച കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടത്തേണ്ടത്. ലോകത്തുടനീളം നൂറിലേറെ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിന്റെ പട്ടിക നേരത്തെ അധികൃതര്‍ പുറത്തുവിട്ടിരുന്നു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി യു.എ.ഇ 96 മണിക്കൂറാക്കിയിട്ടുണ്ട്. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി 72 മണിക്കൂറിന് അകം യു.എ.ഇയിലെത്തണം എന്നായിരുന്നു നിര്‍ദ്ദേശം. ഇതാണ് ഒരു ദിവസം കൂടി നീട്ടിയത്.

ഓഗസ്റ്റ് ആദ്യം മുതല്‍ തന്നെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പി.സി.ആര്‍ പരിശോധന ആരംഭിക്കും. യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കി. തിരിച്ചെത്തുന്നവര്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

കോവിഡ് ഗുരുതരമല്ലാത്ത രാഷ്ട്രങ്ങളില്‍ നിന്നു വരുവര്‍ക്ക് ഏഴും അല്ലാത്ത രാഷ്ട്രങ്ങളില്‍ നിന്നു വരുവര്‍ക്ക് 14 ദിവസവുമാണ് ക്വാറന്റൈന്‍ കാലാവധി. മെഡിക്കല്‍ സഹായം അടക്കമുള്ള എല്ലാ ചെലവുകളും വ്യക്തി തന്നെ വഹിക്കേണ്ടത്. തിരിച്ചു വരുന്നവര്‍ കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച അല്‍ ഹുസ്ന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. ക്വാറന്റൈനുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

SHARE