ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു. രാവിലെ 11 മണി മുതല്‍ പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് സര്‍വകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, മുസ്‌ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, എന്‍സിപി നേതാവ് ശരദ് പവാര്‍, സുദീപ് ബന്ദോപാധ്യായ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പസ്വാന്‍, പാര്‍ലമെന്ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
The resolution passed at the all-party meeting: We strongly condemn the dastardly terror act of 14th February at Pulwama in J&K in which lives of 40 brave jawans of CRPF were lost. pic.twitter.com/0OjGkgS6He
— ANI (@ANI) February 16, 2019
തീവ്രവാദത്തിനെതിരെ സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് യോഗത്തില്‍ പ്രമേയം പാസ്സാക്കി.
ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച നിലപാട് ഇന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ഇത്തരമൊരു ആക്രമണത്തിനിടയില്‍ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ചര്‍ച്ചകള്‍ മതിയാക്കി തിരിച്ചടിക്ക് തെയ്യാറാവണമെന്ന് വരെ ഗുലാം നബി ആസാദ് പറഞ്ഞു.
All political leaders expressed solidarity towards the government’s efforts to bring the perpetrators to task in a time bound manner: Congress' Ghulam Nabi Azad #PulwamaAttack
— BloombergQuint (@BloombergQuint) February 16, 2019
Live Updates: https://t.co/7AcjzD4EEr pic.twitter.com/OuGwu9ycBM
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും, ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭീകരരുടെ ലക്ഷ്യം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ഒരു സെക്കന്റ് നേരത്തേക്കു പോലും ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മള്‍ അനുവദിക്കില്ല. പ്രതിപക്ഷം ഒന്നടങ്കം നമ്മുടെ ജവാന്മാര്‍ക്കും നമ്മുടെ സര്‍ക്കാറിനുമൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണമാണിത്. സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ എന്തു തീരുമാനം എടുത്താലും അതിനൊപ്പം ഉറച്ചു നില്‍ക്കും. രാജ്യത്തോടുള്ള സ്‌നേഹത്തില്‍ വെറുപ്പോ വിദ്വേഷമോ കലര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല. വേദനാജനകമായ സംഭവമാണ് കശ്മീരില്‍ നടന്നിരിക്കുന്നത്. നമ്മുടെ സൈനികര്‍ക്കു നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കപ്പെടേണ്ടതാണ്. ദുഃഖത്തിന്റേയും വേദനയുടേയും നിമിഷത്തില്‍ മറ്റെല്ലാ ചര്‍ച്ചകളേയും നമുക്ക് മാറ്റി നിര്‍ത്താം – രാഹുല്‍ പറഞ്ഞു. ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഹവില്‍ദാര്‍ വസന്തകുമാറടക്കം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.