പാതിരാഹര്‍ജികളും തള്ളി; നിര്‍ഭയ പ്രതികളെ ഒരേസമയം തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ ഭാഗത്തുനിന്നും ശ്രമംനടന്നെങ്കിലും നിശ്ചയിച്ച സമയമായ 2020 മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് നാല് പേരേയും ഒരേസമയം തൂക്കിലേറ്റുകയായിരുന്നു.

പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. തിഹാര്‍ ജയിലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ഡോക്ടര്‍മാര്‍ പ്രതികളുടെ മരണം ഉറപ്പുവരുത്തി. കൃത്യനിര്‍വഹണം യഥാസമയം നടന്നുവെന്ന് ജയിലധികൃതര്‍ വ്യക്തമാക്കി.

കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.

പ്രതികളെ ഒരോസമയം തൂക്കിലേറ്റുന്നതിന്റെ ഭാഗമായി പുലര്‍ച്ചെ അഞ്ച് മണിയോടെ വധശിക്ഷയ്ക്ക് മുന്നോടിയായുള്ള മുപ്പത് മിനിറ്റ് കൗണ്ട്ടൗണ്‍ ആരംഭിച്ചു. പ്രതികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നല്‍കിയിരുന്നു. തുടര്‍ന്ന് 5.15 ഓടെ നാല് പ്രതികളേയും സെല്ലില്‍ നിന്ന് തൂക്കുകയറിനടുത്തേക്ക് കൊണ്ടു പോയി. തൂക്കുമുറി എത്തുന്നതിന് തൊട്ടു മുന്‍പായി നാല് പ്രതികളുടേയും കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടി. ശേഷം അവസാനവട്ട പരിശോധന നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ആരാച്ചാര്‍ പവന്‍ ജെല്ലാദ് ബുധനാഴ്ച രാവിലെ തിഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തിയിന്നിരുന്നു.