അലക്സാണ്ടര്‍ ജെല്ലു; തിരികെ ഘാനയിലേക്ക്

കോഴിക്കോട് : സെവന്‍സ് ഫുട്ബോള്‍ കളിക്കാന്‍ കേരളത്തിലെത്തി ഗുരുതരമായ അസുഖബാധിതനായ ഘാനന്‍ താരം അലക്സാണ്ടര്‍ ജെല്ലു അസുഖം ഭേദമായി തിരികെ ഘാനയിലേക്ക് മടങ്ങുന്നു. ഡിസംബറിലാണ് അലക്സാണ്ടര്‍ ജെല്ലു കേരളത്തിലെത്തിയത്. സെവന്‍സ് ഗ്രൗണ്ടുകളില്‍ ശ്രദ്ധേയനായി മാറുന്നതിനിടയിലാണ് ജെല്ലുവിനെ പരിക്ക് പിടികൂടുന്നത്. പിന്നീട് പരിക്ക് ഭേദമായി ഗ്രൗണ്ടിലെത്തുമ്പോഴേക്കും കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ സമയത്താണ് ജെല്ലു അസുഖബാധിതനാകുന്നത്.

കേരളത്തിലെത്തുമ്പോള്‍ 65 കി. ഗ്രാമിലധികം ശരീരഭാരമുണ്ടായിരുന്ന ജെല്ലു ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ശരീരഭാരം പകുതിയോളം കുറഞ്ഞ് തീരെ അവശനായി മാറുകയായിരുന്നു.

പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും അസുഖകാരണം കണ്ടുപിടിക്കാന്‍ സാധിച്ചില്ല. കാന്‍സര്‍ രോഗബാധിതനാണ് എന്നായിരുന്ന പൊതുവെയുള്ള നിഗമനം. ഈ സാഹചര്യത്തിലാണ് വെല്‍നസ്സ് ഫൗണ്ടേഷന്‍ ജെല്ലുവിന്റെ വിവരങ്ങളറിയുന്നത്. തുടര്‍ന്ന് അവര്‍ അദ്ദേഹത്തിന്റെ ചെലവുകള്‍ ഏറ്റെടുക്കുകയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡോ. ആബിദ് ഹുസൈന്റെ കീഴില്‍ അഡ്മിറ്റ് ചെയ്ത അലക്സാണ്ടര്‍ ജെല്ലുവിനെ ജനറല്‍ മെഡിസിന്‍, ഗ്യാസ്ട്രോ എന്ററോളജി, എന്‍ഡോക്രൈനോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളുടെ നേതൃത്വത്തില്‍ വിശദപരിശോധനയ്ക്ക് വിധേയനാക്കുകയും ഹോര്‍മോണ്‍ സംബന്ധമായ തകരാറുകളാണ് രോഗകാരണമെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഡോ. ആബിദ് ഹുസൈന്‍, ഡോ. മഞ്ജുനാഥ്, ഡോ. മനോജന്‍, ഡോ. ഹംസ, ഡോ. വിമല്‍, ഡോ. സെല്ലം കരുണാനിധി എന്നിവരുടെ നേതൃത്വത്തില്‍ അയഡിന്‍ ചികിത്സയ്ക്ക് ഉള്‍പ്പെടെ വിധേയനാക്കുകയും ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ രോഗം ഭേദമായി ആശുപത്രി വിടാന്‍ സജ്ജനാക്കുകയും ചെയ്തു.

ഇതേ സമയം തന്നെ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അലക്സാണ്ടര്‍ ജെല്ലുവിനെ തിരികെ ഘാനയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയും ഡിസ്ചാര്‍ജ്ജ് ചെയ്ത് അടുത്ത ദിവസം തന്നെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ അദ്ദേഹത്തെ ഘാനയിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ നിര്‍വ്വഹിക്കുകയും ചെയ്തു.

SHARE