കാസര്‍കോട്: പതിവായി അശ്ലീല ചിത്രങ്ങള്‍ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ യുവതികളുമായി ചാറ്റുചെയ്യുകയുമാണ് ബളാലില്‍ സഹോദരിയെ കൊലപ്പെടുത്തിയ ആല്‍ബിന്റെ പ്രധാന വിനോദമെന്ന് പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ് പിതാവ് 16,000 രൂപയ്ക്ക് വാങ്ങികൊടുത്ത മൊബൈലില്‍ നിറയെ അശ്ലീല ചിത്രങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ നിരവധി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. വാട്ട്സാപില്‍ ചാറ്റ് ചെയ്തവരിലേറെയും യുവതികളാണ്. അതേസമയം താന്‍ ഒറ്റക്കാണ് കൊലപാതകം ആസൂത്രണം നടത്തിയതെന്നാണ് ആല്‍ബിന്റെ കുറ്റസമ്മതം. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കാമുകിക്ക് കൊലപാതകത്തേപ്പറ്റി അറിയാമോയെന്ന് വ്യക്തമല്ലെന്നുമാണ് മൊഴി.കോഴിക്കോട് സ്വദേശിയായ കാമുകിയെ സാക്ഷിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
മാതാവിനെയും പിതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി കുടുംബസ്വത്തായ നാലേക്കര്‍ വരുന്ന ഭൂമി കൈക്കലാക്കി വില്‍ക്കുക എന്നതായിരുന്നു കൊലപാതകിയുടെ ലക്ഷ്യമെന്നാണ് കണ്ടെത്തല്‍. നാലേക്കര്‍ ഭൂമിയാണ് കുടുംബ സ്വത്ത്. ഇത് വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതമായിരുന്നു പ്രതി അരിങ്കല്ലിലെ ഓലിക്കല്‍ ആല്ബിന് (22) പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
നേരത്തെയും വീട്ടുകാരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. കോഴിക്കറിയില്‍ വിഷം കലര്‍ത്തിയായിരുന്നു ശ്രമം. എന്നാല്‍, വിഷത്തിന്റെ അളവ് കുറവായതിനാല്‍ ശ്രമം പാളി. പിന്നീട് വെബ്സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പഠിച്ച ശേഷമാണ് എലിവിഷം ഉപയോഗിച്ച് കൊല നടത്തിയത്. ഐ.ടി.ഐയാണ് ആല്‍ബിന്റെ വിദ്യാഭ്യാസം. ഐ.ടി.ഐ പഠനം കഴിഞ്ഞ് കമ്പത്ത് ഒരു കമ്പനിയില്‍ ട്രെയിനിയായി ജോലിചെയ്തിരുന്നു. തമിഴ്നാട്ടിലും വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്നു.
ജൂലൈ തുടക്കത്തിലാണ് കുമളി വഴി കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് കോട്ടയത്ത് രണ്ടാഴ്ചക്കാലം ക്വാറന്റീനില്‍ താമസിച്ചു. ജൂലൈ പകുതിയോടെയാണ് ഇയാള്‍ ബളാലിലെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയതോടെ മയക്കുമരുന്നിന് അടിമയായിട്ടുണ്ടായിരുന്നു. കൂടാതെ, അതിനിടെ വഴിവിട്ട ചില ബന്ധങ്ങളും ആല്ബിന് ഉണ്ടായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് പണം കടം വാങ്ങിയാണ് ജീവിതം അടിച്ചു പൊളിച്ചത്. അങ്ങനെയാണ് വീട്ടുകാരെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാന്‍ ആശയം ഉദിച്ചത്.
കോഴിക്കറിയില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഐസ്ക്രീമില് വിഷം ചേര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. മുമ്പ് ബേക്കറിയില്‍ ജോലി ചെയ്തിരുന്ന പരിചയവും ആല്ബിന് ഉണ്ടായിരുന്നു. വീട്ടില്‍ തന്നെ ഐസ്ക്രീം ഉണ്ടാക്കി കഴിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വച്ചതും ഇതുണ്ടാക്കിയതും ആല്‍ബിനാണ്. ഇതിനായി വെള്ളരികുണ്ടിലെ ഒരു കടയില്‍ നിന്ന് ആല്‍ബില്‍ തന്നെയാണ് സാധനങ്ങള്‍ വാങ്ങിയത്.