സ്പാനിഷ് ലാലിഗ; അലാവസിനെ വീഴ്ത്തി റയല്‍

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളിന് ഡിപോര്‍ട്ടിവോ അലാവസിനെ തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഡാനി സെബയ്യോസിന്റെ ഇരട്ട ഗോളുകള്‍ റയലിന് കരുത്തായപ്പോള്‍ മനു ഗാര്‍ഷ്യ സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി. സീസണിലെ ആദ്യ ഗോള്‍ നേടാന്‍ കഴിഞ്ഞെങ്കിലും രണ്ട് ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റിലിടിച്ചു മടങ്ങിയത് അലാവസിന് തിരിച്ചടിയായി.

10-ാം മിനുട്ടില്‍ മാര്‍കോ അസന്‍സിയോയുടെ പാസ് സ്വീകരിച്ച് പ്രതിരോധക്കാരനെ വെട്ടിയൊഴിഞ്ഞാണ് ഡാനി സെബയ്യോസ് തന്റെ റയല്‍ കരിയറിനെ ആദ്യ ഗോള്‍ നേടിയത്. 21-കാരനായ സെബയ്യോസിന്റെ സ്റ്റാര്‍ട്ടിങ് ഇലവനിലെ അരങ്ങേറ്റമായിരുന്നു ഇന്നലെ. 40-ാം മിനുട്ടില്‍ പ്രത്യാക്രമണത്തില്‍ മുനീര്‍ അല്‍ ഹദ്ദാദിയുടെ ക്രോസില്‍ നിന്ന് കരുത്തുറ്റ ഹെഡ്ഡറുതിര്‍ത്ത് മനു ഗാര്‍ഷ്യ അലാവസിനെ ഒപ്പമെത്തിച്ചു. സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ വഴങ്ങിയ അലാവസിന്റെ ആദ്യ ഗോളായിരുന്നു ഇത്.

ആതിഥേയരുടെ സന്തോഷത്തിന് അധികം ദൈര്‍ഘ്യമുണ്ടായില്ല. 43-ാം മിനുട്ടില്‍ സെബായോസ് വീണ്ടും റയലിനെ മുന്നിലെത്തിച്ചു. വലതു വിങില്‍ നിന്നുള്ള കാര്‍വഹാളിന്റെ ക്രോസ് അലാവസ് കീപ്പര്‍ പച്ചേക്കോ തടഞ്ഞിട്ടപ്പോള്‍ റീ ബൗണ്ടില്‍ നിന്ന് സെബായ്യോസ് ലക്ഷ്യം കാണുകയായിരുന്നു.
ലീഗിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയ്യയെ അത്‌ലറ്റികോ മാഡ്രിഡ് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 46-ാം മിനുട്ടില്‍ യാനിക് കറാസ്‌കോയും 69-ാം മിനുട്ടില്‍ ആന്റോയിന്‍ ഗ്രീസ്മനുമാണ് ഗോളുകള്‍ നേടിയത്.
ആറ് മത്സരങ്ങളില്‍ നിന്നുള്ള മൂന്നാം ജയത്തോടെ ബാര്‍സലോണയുമായുള്ള പോയിന്റ് അകലം നാലാക്കി കുറക്കാന്‍ റയലിന് കഴിഞ്ഞു. അഞ്ച് മത്സരം കളിച്ച ബാര്‍സ 15 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ആറ് റൗണ്ട് കളിച്ച അത്‌ലറ്റികോ മാഡ്രിഡ് (14), സെവിയ്യ (13) ടീമുകളാണ് റയലിന് മുന്നിലായുള്ളത്.

SHARE