ആലപ്പുഴയില്‍ മത്സ്യ ബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുുഴ: ജില്ലയുടെ മുഴുവന്‍ കടല്‍ തീരപ്രദേശത്തും മത്സ്യബന്ധനവും വിപണനവും ഇന്ന് (ജൂലൈ 9) പകല്‍ മൂന്നുമണി മുതല്‍ ജൂലൈ 16 രാത്രി 12 മണി വരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. ജില്ലയിലെ കടല്‍ തീര പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ധാരാളമായി ആളുകള്‍ എത്തിച്ചേരുന്ന സാഹചര്യവും നിലനില്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആയിട്ടില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ചു മത്സ്യബന്ധനത്തിനു പോകുന്നതും പരസ്പരം ഇടകലരുന്നതും മത്സ്യവിപണനത്തിനായി ഒട്ടനവധി ആളുകള്‍ ഒരുമിച്ചു കൂടുന്നതും കോവിഡ് 19 രോഗ ബാധയ്ക്കും സമൂഹ വ്യാപനത്തിനും ഇടയാക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2020-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം സെക്ഷന്‍4, 2005-ലെ ദുരന്തനിവാരണ നിയമം വകുപ്പ്51യ എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

SHARE