ആലപ്പുഴയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവം; കുട്ടിയെ അമ്മ ചെറുപ്പം മുതല്‍ ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ്


ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മ അശ്വതിക്കെതിരെ പിതാവ് രംഗത്ത്. കുട്ടി ആത്മഹത്യ ചെയ്തത് അമ്മയുടെ പീഡനം മൂലമാണെന്ന് പിതാവ് ഹരികൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കുട്ടിയെ അമ്മ ചെറുപ്പം മുതല്‍ ഉപദ്രവിക്കുമായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടത്. അതിന് ശേഷം കാണാന്‍ അനുവദിച്ചത് ഒരു തവണയാണെന്നും പിതാവ് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അമ്മയ്ക്കെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി.

കാര്‍ത്തികപള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മയ്ക്കെതിരെ ചൈള്‍ഡ് ലൈനിലും പിങ്ക് പൊലീസിലും നേരത്തേ പരാതി നല്‍കിയിരുന്നു.

SHARE