ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം: അവാര്‍ഡ് തുക തിരിച്ചുകൊടുക്കാന്‍ പറഞ്ഞവര്‍ക്ക് അലന്‍സിയറിന്റെ കിടിലന്‍ മറുപടി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. താരകൂട്ടായ്മയുടെ തീരുമാനം മറികടന്ന് അവാര്‍ഡ് വാങ്ങിയ ഗായകന്‍ യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും വിമര്‍ശിച്ചായിരുന്നു അലന്‍സിയറുടെ പ്രതികരണം.

പുരസ്‌കാരം വാങ്ങാതെ തല ഉയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്ന് പറഞ്ഞ അദ്ദേഹം ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാവില്ലെന്ന് പ്രതികരിച്ചു. അതൊരു പ്രത്യേക തരം രോഗമാണെന്നും ചികിത്സ വേണ്ടതാണെന്നും അലന്‍സിയര്‍ പറഞ്ഞു.

പ്രതിഷേധിച്ചവര്‍ അവാര്‍ഡ് തുക തിരിച്ചുകൊടുക്കണമെന്ന ജയരാജിന്റെ നിലാപാടിനും അലന്‍സിയര്‍ ശക്തമായ മറുപടി നല്‍കി. അവാര്‍ഡു തുക മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടുവരുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്നും അത്തരക്കാര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് അലന്‍സിയര്‍ രംഗത്തുവന്നത്.

പ്രധാനപ്പെട്ട 11 പേര്‍ക്കു മാത്രമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് ഫഹദ് ഫാസില്‍ ഉള്‍പ്പെടെ അറുപതിലധികം ചലച്ചിത്രതാരങ്ങള്‍ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. പുരസ്‌കാര ദാന ചടങ്ങ് മാത്രമാണ് ബഹിഷ്‌കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.