ലുക്മാന് മമ്പാട്
കോഴിക്കോട്
മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി പിണറായി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ തളളിയ കോഴിക്കോട് പന്തീരാങ്കാവിലെ സി.പി.എം വിദ്യാര്‍ത്ഥി നേതാക്കളായ അലനെയും താഹയെയും എന്‍.ഐ.എ ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന്. പതിനാലാം വയസ്സ് മുതല്‍ പൊലീസ് നിരീക്ഷിക്കുകയാണെന്നും ഇരുവരും മാവോയിസ്റ്റുകളാണെന്നും പൊലീസ് തറപ്പിച്ച് പറയുമ്പോള്‍ ആദ്യം പ്രതിരോധിച്ച സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ നിരായുധരാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ്. ഇരുവരും അത്ര ശുദ്ധന്മാരല്ലെന്നും മാവോയിസ്റ്റുകളാണെന്നതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിലും പിന്നീട് മാധ്യമങ്ങളോടും സ്വരം കടുപ്പിച്ചതോടെ എന്‍.ഐ.എ കേസ്സ് ഏറ്റെടുക്കുകയായിരുന്നു.
അമിത്ഷാ ആഭ്യന്തര മന്ത്രിയായ ശേഷം കൂടുതല്‍ കടുപ്പിച്ച യു.എ.പി.എ വേണ്ടത്ര തെളിവുപോലുമില്ലാതെ സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളില്‍ ചുമത്തി ജാമ്യം നിഷേധിച്ച് ജയിലില്‍ തള്ളിയ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് നയത്തെയും കേരളീയ സമൂഹം സംശയത്തോടെ വീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തും ചില യു.എ.പി.എ കേസ്സുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സമീകരിക്കുമ്പോഴും, ഇപ്പോഴത്തെ യു.എ.പി.എയുടെ അലകും പിടിയും മാറിയതും കരിനിയമത്തിന്റെ രൂക്ഷത കൂടിയതും മറച്ചുവെക്കുകയാണ്. ക്രമസമാധാനം സംസ്ഥാനത്തിന് കീഴിലെ വിഷയമാണെങ്കിലും അവരുടെ അനുമതിയില്ലാതെ ഏതു കേസ്സും സ്വയം ഏറ്റെടുക്കാന്‍ എന്‍.ഐ.എക്ക് ഇപ്പോള്‍ കഴിയും.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തിയതിനാലും പ്രതികള്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി തന്നെ പരസ്യമായി മുദ്രകുത്തിയതുമാണ് എന്‍.ഐ.എ.ക്ക് കടന്നുവരാനുള്ള അവസരം സൃഷ്ടിച്ചത്. ഇത്ര ഗുരുതരമായ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ മാത്രമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ഏര്‍പ്പെട്ടിരുന്നോ എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. മുഖ്യമന്ത്രി തെളിവുകള്‍ പുറത്തുവിടണമെന്ന് മാധ്യമങ്ങളോട് കോടതിയില്‍ വെച്ച് അലനും താഹയും വെല്ലുവിളിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പ്പെടെ ഏതാനും പുസ്തകങ്ങളും ചില ലഘുലേഖകള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നല്ലാതെ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്ന എന്തെങ്കിലും തെളിവ് പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, ഇരുവരും എസ്.എഫ്.ഐയിലൂടെ മാവോയിസം കടത്താന്‍ ശ്രമിച്ചെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കൈവശം തെളിവുണ്ടെന്നും സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് പൊതുവേദിയില്‍ പറഞ്ഞതോടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയെയും വെട്ടിലാക്കി. ഇരുവരും സി.പി.എമ്മുകാരാണെന്നും ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു തിരുത്തുകയാണ് വേണ്ടതെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍.ഐ.എ ചുമത്തിയതിനെയും അദ്ദേഹം തള്ളിപ്പറഞ്ഞു.
വിഷയം വിവാദമായതോടെ മുഖ്യമന്ത്രിയുടെ നിലപാടു തന്നെയാണ് തന്റേതുമെന്ന് വാര്‍ത്താ കുറിപ്പിറക്കി അലനെയും താഹയെയും കയ്യൊഴിഞ്ഞു. കസ്റ്റഡിയിലെടുത്ത് എന്‍.ഐ.എ ചുമത്തി അറസ്റ്റ് ചെയ്തതോടെ വീട്ടിലെത്തി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ ഇവരുവരുടെയും വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് അപ്പാടെ വിഴുങ്ങി പാര്‍ട്ടി ഘടകങ്ങളെ പാടെ തള്ളിയ പിണറായി വിജയന്റെ നിലപാടോടെ എല്ലാവരും ഉള്‍വലിഞ്ഞതോടെ വിഷയം യു.ഡി.എഫ് ഏറ്റെടുക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ.എം.കെ മുനീറും അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ച് നിയമ സഹായം വാഗ്ദാനം ചെയ്തതോടെ ഇടതുപക്ഷം പാടെ ഒറ്റപ്പെട്ടു. നിയമസഭയില്‍ വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവും ഉപനേതാവും രണ്ടു വിദ്യാര്‍ത്ഥികളെ യു.എ. പി.എ ചുമത്തി ജയിലില്‍ തള്ളി എന്‍.ഐ.എക്ക് കൈമാറിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ തൊലിയുരിച്ചു. എന്‍.ഐ.എയില്‍ നിന്ന് കേസ്സ് തിരികെ വാങ്ങാനെങ്കിലും തയ്യാറാവണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച് മറുവാദം നിരത്തുകയായിരുന്നു പിണറായി.
‘അമിത് ഷായ്ക്ക് മുന്പില് താന്‍ കൈ നീട്ടണോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഗവര്‍ണറുടെ മുമ്പില്‍ കൈനീട്ടുന്നതിലും നല്ലതാണ് രണ്ടു വിദ്യാര്‍ത്ഥികളെ കേന്ദ്ര ഏജന്‍സിക്ക് എറിഞ്ഞു കൊടുക്കാതിരിക്കാന്‍ അമിത്ഷായോട് കേസ്സ് എന്‍.ഐ.എയില്‍ നിന്ന് തിരികെ ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചപ്പോഴും മുഖ്യമന്ത്രി അയഞ്ഞില്ല. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലും പൊതു സമൂഹത്തിലും ഒറ്റപ്പെടുന്നതും പ്രതിപക്ഷം കൃത്യമായ നിലാപാട് സ്വീകരിക്കുന്നതും പിണറായിയെ നയം മാറ്റാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ച് അമിത്ഷാക്ക് കത്തയച്ചതായി നിയമസഭയില്‍ പ്രഖ്യാപിച്ചപ്പോഴും യു.എ.പി.എ കരിനിയമം ചുമത്തിയതുള്പ്പെടെയുളള മുന്‍ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.